മുഖ്യമന്ത്രിക്കെതിരെ മന്ത്രിയുടെ പരാതി; കര്‍ണാടക ബി.ജെ.പിയില്‍ കലാപം

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ ഗവർണ്ണർക്കും ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിനും മന്ത്രിസഭയ്ക്ക് ഉള്ളിൽ നിന്ന് തന്നെ പരാതി പോയ സംഭവത്തിൽ കർണാടക ബി.ജെ.പിയിൽ കലാപം. ബി.ജെ.പി മന്ത്രിസഭയിലെ ഗ്രാമ വികസന മന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ് ഈശ്വരപ്പയാണ് മുഖ്യമന്ത്രിയുടെ നടപടികൾക്കെതിരെ പാർട്ടിക്കും ഗവർണർക്കും പരാതി നൽകിയത്.
തന്റെ വകുപ്പിലെ സാമ്പത്തിക കാര്യങ്ങളിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി ഇടപെടുന്നതും കോടിക്കണക്കിന് വരുന്ന ഗ്രാമീണ റോഡുകൾക്കുള്ള ഫണ്ടുകൾ തന്നോട് ആലോചിക്കാതെ ചില മണ്ഡലങ്ങൾക്ക് മാത്രമായി നൽകുന്നതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഈ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മാർച്ച് 31 ന് ഗവർണർക്ക് എഴുതിയ കത്തിൽ ഈശ്വരപ്പ ആരോപിച്ചു.
തന്റെ വകുപ്പിന്റെ അനുമതി വാങ്ങാതെ യെദ്യൂരപ്പയുടെ ബന്ധുവായ ജി മാരിസ്വാമി തലവനായിട്ടുള്ള ബെംഗളൂരു നഗര ജില്ലാ പഞ്ചായത്തിന് റോഡ് വികസനത്തിന് 65 കോടി അനുവദിച്ച കാര്യം ഈശ്വരപ്പ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. യഥാർഥത്തിൽ അനുവദിക്കേണ്ട തുക 1.17 കോടിയായിരുന്നെന്നും കത്തിൽ പറയുന്നു.
നേരത്തെയും യെദ്യൂരപ്പയും ഈശ്വരപ്പയും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഇത്തരത്തിൽ മറ്റ് വകുപ്പുകളിൽ ഇടപെടുന്നത് വലിയ ഭരണപ്രതിസന്ധിക്ക് കാരണമാവുമെന്നും വിഷയം പ്രധാനമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തിയെന്നും ഈശ്വരപ്പ പറഞ്ഞു. ഗവർണർക്ക് കത്തെഴുതിയതിലും വിഷയം പുറത്തായതിലും ബി.ജെ.പി കേന്ദ്ര നേതൃത്വം അസ്വസഥരാണെന്നാണ് വിവരം.
സംസ്ഥാനത്തെ പാർട്ടി നേതാക്കന്മാരും പ്രവർത്തകരും മന്ത്രിയുടെ നടപടിയിൽ അസ്വസ്ഥരാണ്. വിഷയത്തിൽ നടപടി എടുക്കാനായി മുഖ്യമന്ത്രി മന്ത്രിമാരുടെയും എം.എൽ.എമാരുടെയും യോഗം വിളിച്ചതായും വിവരമുണ്ട്. എന്നാൽ താൻ അച്ചടക്കമൊന്നും ലംഘിച്ചിട്ടില്ലെന്നും പാർട്ടി അച്ചടക്കം ലംഘിച്ച ചരിത്രമുള്ളത് മുഖ്യമന്ത്രിക്കാണെന്നും ഈശ്വരപ്പ പറഞ്ഞു. പിന്നാക്ക കൂട്ടായ്മയായ സങ്കോളി രായണ്ണ ബ്രിഗേഡ് വിഷയത്തിലും ഇരു നേതാക്കളും തമ്മിൽ രൂക്ഷമായ തർക്കം നടന്നിരുന്നു

