സംഘം ശക്തിപ്പെടുത്തി അധോലോക നേതാവാകാനൊരുങ്ങി; കൊലയ്ക്കായി ഒരുങ്ങിയ ക്രിമിനൽ സംഘം പിടിയിൽ

അറസ്റ്റിലായ ധീരജ്, സാഗർ, രാജേഷ് ആചാരി, രാകേഷ് കമ്പാലി, രാജേഷ് ടൊമാർ.
മംഗളൂരു ∙ എതിർ സംഘത്തിൽ പെട്ടവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ക്രിമിനൽ സംഘാംഗങ്ങളായ 5 പേർ പിടിയിൽ. കുപ്രസിദ്ധ ക്രിമിനൽ ആകാശ്ഭവൻ ശരണിന്റെ സഹോദരൻ കാവൂർ ആനന്ദ് നഗറിലെ ധീരജ് (കുട്ട), ബജ്‌പെ കല്യാണ അഡ്യപാടിയിലെ രാകേഷ് കമ്പാലി (രാഖി-25), തെങ്കയെക്കാറിലെ രാജേഷ് ആചാരി യക്കാർ(38), ആകാശ്ഭവൻ നന്ദാപുരയിലെ സാഗർ(23), മധ്യപ്രദേശ് ഭിന്ധി ഖേര ഉമാറിയിലെ രാജേഷ് ടൊമാർ (രാജിബ്ബാർ) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
മോഷണം അടക്കം നിരവധി കേസുകളിൽ പ്രതികളാണു പിടിയിലായവരെന്നു സിറ്റി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ അറിയിച്ചു. മാർച്ച് 17നു കങ്കനാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ തടഞ്ഞു നിർത്തി ബൈക്കും മൊബൈൽ ഫോണും കവർന്ന കേസിന്റെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. നിലവിൽ ജയിലിൽ കഴിയുന്ന ആകാശ്ഭവൻ ശരണിന്റെ സംഘത്തിൽ പെട്ടവരാണിവർ. ശരണിന്റെ നിർദേശ പ്രകാരം ഭീഷണിപ്പെടുത്തി പണം തട്ടൽ, കഞ്ചാവു കടത്ത്, മണൽ കടത്ത് തുടങ്ങിയവയൊക്കെ ചെയ്തിരുന്നതായി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
സംഘം ശക്തിപ്പെടുത്തി അധോലോക നേതാവാകാനുള്ള ശ്രമത്തിലായിരുന്നു ശരൺ. ഇതിന്റെ ഭാഗമായി എതിർ സംഘത്തെ തകർക്കുന്നതിനായി അതിൽ പെട്ട പ്രദീപ് മെണ്ടൻ, മങ്കി സ്റ്റാൻഡ് വിജയ്, ഗൗരീഷ് എന്നിവരെ വധിക്കാനും പിടിയിലായവർ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ജയിലിലുള്ള ശരണിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

