KSDLIVENEWS

Real news for everyone

ബി.ജെ.പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത്; നേമത്തെ BJP അക്കൗണ്ട് LDF ക്ലോസ് ചെയ്യും- മുഖ്യമന്ത്രി

SHARE THIS ON

കണ്ണൂർ: ബി.ജെ.പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മതനിരപേക്ഷതയുടെ ശക്തിദുർഗമായാണ് കേരളം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നാടിനെ വർഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആർ.എസ്.എസ് നടത്തിയ നീക്കം ഒരു ഘട്ടത്തിലും ഇവിടെ വിജയിപ്പിക്കാനായിട്ടില്ല. അതിനെതിരെ നിതാന്ത ജാഗ്രത കേരളത്തിൽ പൊതുവിൽ മതനിരപേക്ഷ ശക്തികൾ പാലിച്ചിട്ടുണ്ട്. അതിന്റെ മുൻപന്തിയിൽ ഇടതുപക്ഷം നിന്നിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷം തീർക്കുന്ന ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് ആർ.എസ്.എസിനും ബി.ജെ.പിക്കും കേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ കഴിയാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരിടത്ത് വിജയിക്കുമെന്ന് പറയാൻ കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റില്ല. കോൺഗ്രസും യു.ഡി.എഫും സഹായിച്ചതു കൊണ്ടാണ് ബി.ജെ.പിക്ക് നിയമസഭയിൽ അക്കൗണ്ട് തുടങ്ങാനായതെന്നും പിണറായി വിമർശിച്ചു. നേമത്ത് കഴിഞ്ഞ തവണ ബി.ജെ.പി. തുറന്ന അക്കൗണ്ട് ഇത്തവണ എൽ.ഡി.എഫ്. ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദാനിയുമായി പുതിയ കരാറുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. പുതിയ കരാറുണ്ടെങ്കിൽ പുറത്തുവിടട്ടേ എന്ന് അദ്ദേഹം ചെന്നിത്തലയെ വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുകയാണ്. കേന്ദ്രസർക്കാർ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബിക്ക് കരാർ. അദാനിയുമായി കരാറില്ലെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!