KSDLIVENEWS

Real news for everyone

ചെന്നിത്തലയുടെ പത്രസമ്മേളനങ്ങള്‍ സംസ്ഥാനം നേരിടുന്ന ഗുരുതര മാലിന്യപ്രശ്‌നം- തോമസ് ഐസക്

SHARE THIS ON

ആലപ്പുഴ: സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനങ്ങളെന്ന് മന്ത്രി തോമസ് ഐസക്. കെ.എസ്.ഇ.ബി കരാറുമായി ബന്ധപ്പെട്ട് ചെന്നിത്തല ഉന്നയിച്ച ആരോപണം സംബന്ധിച്ചാണ് ധനമന്ത്രിയുടെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം. നുണകൾ ആവർത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാർഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാക്കണോയെന്നും ഐസക് ചോദിച്ചു.null

തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങൾ. നുണകൾ ആവർത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാർഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാകണോ?

അദ്ദേഹം പറയുന്ന നുണയുടെ ഒരു സാംപിൾ ഇതാ. ഇന്നത്തെ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതിങ്ങനെ.
‘കെഎസ്ഇബി ഫെബ്രുവരി 15 ന് ചേർന്ന ഫുൾടൈം ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ അജൻഡ 47.2.2021 ആയി അദാനിയിൽനിന്ന് നേരിട്ടു വൈദ്യുതി വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്’.
ഈ മിനിട്സ് കെഎസ്ഇബിയുടെ സൈറ്റിൽ ആർക്കും ലഭ്യമാണ്. അതിൽ അജണ്ട 47.2.2021 എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കൂ.

ഈ അജണ്ട പ്രകാരം ലേലം കൊണ്ടവർക്ക് ലെറ്റർ ഓഫ് അവാർഡ് നൽകാൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തകയാണ് ഫുൾടൈം ഡയറക്ടർ ബോർഡ് ചെയ്തത്. ആരൊക്കെയാണ് ലേലം കൊണ്ടത്? ജിഎംആർ എനർജി ട്രേഡിംഗ് ലിമിറ്റഡ്, അദാനി എന്റർപ്രൈസസ്, പിടിസി ഇന്ത്യാ ലിമിറ്റഡ് എന്നിവർ.

ഇതിൽ നിന്ന് എന്തു മനസിലാക്കാം? ഏപ്രിൽ മെയ് മാസങ്ങളിലെ അടിയന്തരാവശ്യം നേരിടാൻ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി തീരുമാനിച്ചു. നേരെ അദാനിയുടെ കടയിൽ ചെന്ന് നിന്ന് വൈദ്യുതി പൊതിഞ്ഞു വാങ്ങി പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവരികയല്ല ചെയ്തത്. അതിന് DEEP എന്ന പോർട്ടൽ വഴി ലേലം വിളിച്ചു. വൈദ്യുതി വാങ്ങുന്നതിന് കേന്ദ്രസർക്കാർ ഉണ്ടാക്കിയ സംവിധാനമാണ് ഈ പോർട്ടൽ. അതുവഴിയേ ടെൻഡർ ക്ഷണിക്കാൻ പറ്റൂ.

ആ ടെൻഡറിൽ ഏറ്റവും കുറച്ച് ക്വോട്ടു ചെയ്തത് ജിഎംആർ എനർജി ട്രേഡിംഗ് ലിമിറ്റഡ്. രണ്ടാംസ്ഥാനത്ത് അദാനി എന്റർപ്രൈസസ്, മൂന്നാം സ്ഥാനത്ത് പിടിസി ഇന്ത്യാ ലിമിറ്റഡ്. അവർക്കു മൂന്നുപേർക്കും ലെറ്റർ ഓഫ് അവാർഡ് നൽകാൻ കെഎസ്ഇബി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. രാജ്യത്തിന് നിലവിലുള്ള നിയമവും കീഴു്വഴക്കങ്ങളും മാനദണ്ഡങ്ങളുമൊക്കെ പാലിച്ചു തന്നെയാണ് ഇതൊക്കെ ചെയ്തത്.

ഇത് കെഎസ്ഇബി എല്ലാവർഷവും ചെയ്യുന്നതാണ്. എല്ലാവർഷവും വേനൽക്കാലത്ത് വൈദ്യുതിയുടെ കുറവ് ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ വൈദ്യുതി ഇങ്ങനെ തന്നെയാണ് വാങ്ങുന്നത്. കേന്ദ്രസർക്കാർ സജ്ജീകരിച്ച പോർട്ടലിൽ ടെൻഡർ വിളിക്കും. കുറഞ്ഞ തുക ക്വോട്ടു ചെയ്യുന്നവരിൽ നിന്ന് വൈദ്യുതി വാങ്ങും. അത്രയേ ഇപ്പോഴും നടന്നിട്ടുള്ളൂ. അതിൽ നിന്നൊരു വിവാദമുണ്ടാക്കാനുള്ള പാഴ്ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്.

ഇക്കൊല്ലം 100 മെഗാവാട്ട് വൈദ്യുതി വീതം പീക്ക് ടൈമിലും പകൽ സമയത്തേയ്ക്കും വാങ്ങാൻ ടെൻഡർ വിളിച്ചു. ടെൻഡറിൽ പങ്കെടുത്തവരിൽ ഏറ്റവും തുക ക്വോട്ടു ചെയ്തവർക്ക് ലെറ്റർ ഓഫ് അവാർഡ് നൽകി. ആ പട്ടികയിൽ നിന്ന് അദാനിയുടെ പേരു മാത്രം ചൂണ്ടിയെടുത്ത് നട്ടാൽകുരുക്കാത്ത നുണകൾ പ്രതിദിനം പടച്ചു വിടുകയാണ് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പു പ്രമാണിച്ച് അദ്ദേഹത്തിന്റെ നുണ നിർമ്മാണ ഫാക്ടറി ഓവർടൈം പണിയെടുക്കുന്നുണ്ട്.

ഒരു ദിവസം പോയിട്ട്, ഒരു മണിക്കൂർ പോലും നിലനിൽക്കാത്ത നുണകളാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം വിളിച്ചു പറയുന്നത്. അദാനിയ്ക്ക് 1000 കോടി കിട്ടുമെന്നും 8850 കോടിയുടെ കച്ചവടം എന്നുമൊക്കെ ഇന്നലെ അദ്ദേഹം തട്ടിവിടുന്നുണ്ടായിരുന്നു. ഏതായാലും ഇന്നത്തെ പത്രസമ്മേളനത്തിൽ അതൊക്കെ വിഴുങ്ങിയിട്ടുണ്ട്.

അദാനിയും കെഎസ്ഇബിയും തമ്മിൽ എന്തോ കരാറുണ്ടാക്കിയെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. അങ്ങനെയൊരു കരാറേയില്ല എന്ന് വൈദ്യുതി മന്ത്രി മിനിട്ടുകൾക്കകം തിരിച്ചടിച്ചു. ഇന്നദ്ദേഹം ഉരുണ്ടുകളിക്കുന്നതു നോക്കൂ. ‘കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞത് കാര്യമാക്കുന്നില്ല പോലും. കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നല്ലല്ലോ പ്രതിപക്ഷ നേതാവേ മണിയാശാൻ പറഞ്ഞത്. കരാറേയില്ലെന്നല്ലേ. കേന്ദ്ര പൊതുമേഖലാ സ്ഥാപനവും കെഎസ്ഇബിയും തമ്മിലാണ് കരാർ. ഇന്നലെ ഉത്തരവാദിത്തമുള്ളവരെല്ലാം ഔദ്യോഗികമായി അക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ഒഴിഞ്ഞു മാറിയും ഉരുണ്ടു കളിച്ചും പറഞ്ഞതു വിഴുങ്ങിയും ശവാസനവും ശീർഷാസനവും സമാസമം പയറ്റിയും നുണയുടെ കളരി അടക്കി വാഴുകയാണ് പ്രതിപക്ഷ നേതാവ്. രണ്ടും കൽപ്പിച്ചുള്ള ഈ അഭ്യാസം തന്നെ എവിടെയെങ്കിലുമെത്തിക്കുമെന്ന് അദ്ദേഹം ആത്മാർത്ഥമായും വിശ്വസിക്കുന്നുണ്ടാകാം. ഏതായാലും രണ്ടു ദിവസം കൂടി ഈ ഫാക്ടറി പ്രവർത്തനം കേരളം സഹിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!