KSDLIVENEWS

Real news for everyone

വഖഫ് ബില്‍ ചര്‍ച്ച; ലോക്‌സഭയിലെത്താതെ പ്രിയങ്ക ഗാന്ധി, വിപ്പും പരിഗണിച്ചില്ല

SHARE THIS ON

ന്യൂഡല്‍ഹി: ലോക്‌സഭയിലെ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വയനാട് എംപി പ്രിയങ്ക ഗാന്ധി. വഖഫ് ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഒരു സമയത്തും പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ എത്തിയില്ല. പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്ക് പ്രിയങ്ക വിശദീകരണം നല്‍കിയോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പരിഗണിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ബില്ലുകളിലൊന്നാണ് വഖഫ് ബില്‍. അങ്ങനെയൊരു ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ വയനാട് എംപി പങ്കെടുക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യം ഉയരുകയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

കോൺഗ്രസ് നൽകിയ വിപ്പും വയനാട് എംപി പരിഗണിച്ചില്ല. മുഴുവന്‍ എംപിമാരും സഭയിലുണ്ടാകണമെന്നും പാര്‍ട്ടി പറയുന്ന നിലപാടിനൊപ്പം നില്‍ക്കണമെന്നുമാണ് വിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രിയങ്ക സഭയിലെത്തുകയോ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്തില്ല. രാഹുല്‍ ഗാന്ധി വഖഫ് ബില്‍ ചര്‍ച്ച തുടങ്ങുമ്പോള്‍ ലോക്‌സഭയിലുണ്ടായിരുന്നില്ലെങ്കിലും പിന്നീട് എത്തുകയായിരുന്നു.

അതേസമയം ഒരു പകലും പകുതി രാത്രിയും നീണ്ട കടുത്ത രാഷ്ട്രീയപ്പോരിനൊടുവിലാണ് വഖഫ് ബിൽ ലോക്‌സഭ കടന്നത്. ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം വിചാരണചെയ്തും ആരോപണ-പ്രത്യാരോപണങ്ങൾ ആയുധമാക്കിയും ഭരണ-പ്രതിപക്ഷങ്ങൾ പങ്കെടുത്ത തീപാറിയ വാക്‌യുദ്ധത്തിനുശേഷം ബുധനാഴ്ച അർധരാത്രിയോടെയാണ് ബിൽ പാസാക്കിയത്. 283 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെലുഗുദേശം പാർട്ടി (ടിഡിപി), ജെഡിയു, എൽജെപി, ആർഎൽഡി ഉൾപ്പെടെയുള്ള എൻഡിഎ ഘടകകക്ഷികൾ ബില്ലിനെ പിന്തുണച്ചു. 232എംപിമാർ എതിർത്ത്‌ വോട്ടുചെയ്തു. 12 മണിക്കൂറിലേറെ ചർച്ച നീണ്ടു.

ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകി മധുരയിലെത്തിയിരുന്ന സിപിഎം അംഗങ്ങൾ മടങ്ങിയെത്തി ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തിലെ മുനമ്പം വിഷയവും ചർച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിൽനിന്നുള്ള മറ്റംഗങ്ങളും തമ്മിൽ രണ്ടുവട്ടം കൊന്പുകോർത്തു. ചർച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും മറുപടി നൽകി. പ്രതിപക്ഷഅംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികളെല്ലാം തള്ളി. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നേരത്തേ ശുപാർശചെയ്ത 14 ഭേദഗതികൾ സർക്കാർ നിർദേശമായി ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!