പകരച്ചുങ്കത്തിൽ യുഎസിനെതിരേ ഒന്നും പറഞ്ഞില്ല, നാണംകെട്ട് കീഴടങ്ങി-മോദിയെ വിമർശിച്ച് പ്രകാശ് കാരാട്ട്

മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്‍പില്‍ നാണംകെട്ട് കീഴടങ്ങിയെന്ന് പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട്. അമേരിക്ക നടപ്പാക്കിയ അധികതീരുവയ്‌ക്കെതിരേ ഒരു വാക്കുപോലും മോദി സംസാരിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാര്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയോ സര്‍ക്കാരോ ഒരുവാക്കു കൊണ്ടുപോലും പ്രതിഷേധിച്ചില്ല. അമേരിക്കയ്ക്ക് മുന്‍പാകെ നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും നാണംകെട്ട കീഴടങ്ങലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 26 ശതമാനമാണ് ട്രംപ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ യുഎസിന് മേല്‍ ചുമത്തുന്ന ചുങ്കവും തിരിച്ച് യുഎസ് ചുമത്തുന്ന ചുങ്കവും ഉള്‍പ്പെട്ട പട്ടിക ബുധനാഴ്ചയാണ് ട്രംപ് വൈറ്റ് ഹൗസില്‍ പുറത്തുവിട്ടത്. തീരുവയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്ത്യയുമായി ഇടപെടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ട്രംപ്, യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ 52 ശതമാനം തീരുവയാണ് ചുമത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.