പിഷാരടി അഡ്ഹോക് കമ്മിറ്റിയിൽനിന്ന് രാജിവച്ചു: ശ്വേതയുമായുള്ള സംഭാഷണം ലീക്കായതല്ല റിലീസാക്കിയത്;
രമേഷ് പിഷാരടി എംഎൽഎ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവെച്ചു. അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ല. കോടതിവിധി മാനിക്കുന്നു. ശ്വേതാ മേനോനുമായി സംസാരിച്ച ഓഡിയോ പുറത്തുവന്നതിൽ വേദനയുണ്ട്. അത് ലീക്കായതല്ല, റിലീസാക്കിയതാണ്. അതാരാണെന്ന് ആ ഓഡിയോ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“അമ്മയുടെ ജനറൽ ബോഡിയോഗത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചു പോവുകയാണെന്ന് പ്രഖ്യാപിച്ചു. പ്രസിഡന്റ് ശ്വേതാ മേനോൻ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽനിന്നുകൂടി രാജി വെയ്ക്കുകയാണെന്ന് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞു. ഇതിനെത്തുടർന്ന് ഒരു അനാഥത്വം ഉണ്ടായപ്പോൾ ജഗദീഷിനെ തത്കാലം അധ്യക്ഷനാക്കി ഒരു ചർച്ച നടത്തി. മീറ്റിങ് നീണ്ടപ്പോൾ ഞാനവിടെനിന്ന് ഇറങ്ങി. വഴിമധ്യേയാണ് അഡ്ഹോക് കമ്മിറ്റി ഉണ്ടാക്കിയെന്ന് പറഞ്ഞ് ഫോൺ വന്നത്. ഏതെങ്കിലും രീതിയിൽ ഈ സംഘടനയെ സഹായിക്കാൻ പറ്റുമെങ്കിൽ അതെന്റെ ഉത്തരവാദിത്തമായി കണ്ടാണ് കമ്മിറ്റിയിൽ നിൽക്കാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞാനുൾപ്പെടുന്ന അഡ്ഹോക് കമ്മിറ്റിയുണ്ടായത്.
കോടതിയുടെ സ്റ്റേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെബ്സൈറ്റിൽ കയറി മനസിലാക്കി. സംഘടനയുടെ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനറായ എനിക്ക് മീറ്റിങ് വിളിക്കാനോ മറ്റുകാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ലെന്നാണ് സ്റ്റേ വന്നിരിക്കുന്നത്. അങ്ങനെയൊരു വിധി വന്നതിനാൽ കോടതിയെ മാനിച്ച് കമ്മിറ്റിയിൽനിന്ന് രാജിവെയ്ക്കുകയാണ്. ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് കടിച്ചുതൂങ്ങുന്നില്ല. എന്റെ പേര് മാത്രമേ ഉത്തരവിൽ കണ്ടുള്ളൂ. എനിക്ക് മനസിലായത് അങ്ങനെയാണ്.
32 വർഷമായി പ്രവർത്തിക്കുന്ന അമ്മ സംഘടനയെ കോടതിയിലെത്തിക്കണമെന്ന് ഒരാഗ്രഹവുമില്ല. പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കണം. ശ്വേതയോടും മല്ലിക ചേച്ചിയോടും ലക്ഷ്മിപ്രിയയോടും അൻസിബയോടുമെല്ലാം മണിക്കൂറുകളോളം സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ചതിൽ ഒരു ഓഡിയോ ആണ് ഇന്ന് ലീക്കായത്. യഥാർത്ഥത്തിൽ അത് ലീക്കല്ല, റിലീസാണ്. അത് ഒന്ന് പരിശോധിച്ചാൽ എവിടെനിന്നാണ് ലീക്കായതെന്ന് മനസിലാകും. എനിക്ക് വലിയ സൗഹൃദമുണ്ടായിരുന്ന ഒരാളിൽനിന്ന് ആ ഓഡിയോ പുറത്തുവിട്ടതിൽ എനിക്ക് വ്യക്തിപരമായി വേദനയുണ്ട്. കാര്യങ്ങളെല്ലാം രമ്യമായി പരിഹരിക്കാൻ നടത്തിയ ഒരു സംഭാഷണമായിരുന്നു അത്.
പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ച ഒരാൾക്ക് എങ്ങനെയാണ് പ്രസിഡന്റാണെന്നുപറഞ്ഞ് സ്റ്റേ വാങ്ങാനാകുകയെന്ന് ചോദിച്ചു. ഇതിനെതിരെ എനിക്ക് വേണമെങ്കിൽ കോടതിയിൽ പോകാം. പക്ഷേ കോടതിയിൽ പോയി ഫൈറ്റ് ചെയ്ത് ഇവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ല.” രമേഷ് പിഷാരടി പറഞ്ഞു.

