ചന്ദ്രഗിരി, ബേക്കൽ പാലങ്ങൾക്കു സമീപം കോൺക്രീറ്റിങ് പ്രവൃത്തി; ഇന്ന് മുതൽ ഒക്ടോബർ 10 വരെ റോഡ് ഭാഗികമായി അടച്ചിടും

കാസർകോട്: ബേക്കൽ റെയിൽവേ മേൽപാലം അറ്റകുറ്റപ്പണിക്കായി അടച്ചതിനു പിന്നാലെ ഇതേ പാതയിൽ ചന്ദ്രഗിരിപ്പാലത്തിനും ബേക്കൽപാലത്തിനും സമീപങ്ങളിലായി തകർന്ന റോഡിന്റെ കോൺക്രീറ്റിങ് പ്രവൃത്തികൾക്കായി നാളെ (സെപ്റ്റംബർ 3) മുതൽ ഒക്ടോബർ 10 വരെ റോഡ് ഭാഗികമായി അടച്ചിടും. ഇതോടെ കാസർകോട്–കാഞ്ഞങ്ങാട് പാതയിൽ ഭാഗിക ഗതാഗതം നിയന്ത്രണം ഉണ്ടാകും. പള്ളിക്കരയിലെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ദേശീയപാത വഴിയാണ് നിലവിൽ പോകുന്നത്. അതിനാൽ ആ പ്രവൃത്തി പൂർത്തിയാകുമ്പോഴേക്കും ഈ രണ്ടിടങ്ങളിലെയും കോൺക്രീറ്റ് ജോലികൾ കൂടി ഒരേ സമയത്ത് തന്നെ തീർത്താൽ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.
40 കോടിയോളം രൂപ ചെലവഴിച്ച് കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി വിവിധയിടങ്ങളിൽ റോഡിന്റെ ടാറിങ്ങും ഓവുചാലിന്റെ പ്രവൃത്തികളും നേരത്തെ തുടങ്ങിയിരുന്നു. ചന്ദ്രഗിരി ജംക്ഷൻ മുതൽ പുലിക്കുന്ന് ഐവർ ഭഗവതി ക്ഷേത്ര ജംക്ഷൻ വരെ 350 മീറ്ററും ബേക്കൽ പാലം മുതൽ ജംക്ഷൻ വരെ 300 മീറ്റർ ദൂരമാണ് കോൺക്രീറ്റിങ് പ്രവൃത്തി നടത്തുന്നത്. നിലവിൽ ഇന്റർലോക് തകർന്നിരിക്കുന്ന പുലിക്കുന്ന് ഭാഗം നിലവിലുള്ള റോഡിനെക്കാൾ ഉയരത്തിൽ കോൺക്രീറ്റിങ് ചെയ്യാനാണ് അധികൃതരുടെ പദ്ധതി. മഴയിൽ വർഷംതോറും റോഡ് തകരുന്നതും അപകടമുണ്ടാകുന്നതും ഇവിടെ പതിവാണ്. 2 വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ചാണു ഇന്റർലോക് പ്രവൃത്തി നടത്തിയത്.
എന്നാൽ അതും തകർന്നതോടെയാണ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കോൺക്രീറ്റ് ചെയ്യുന്നത്. വർഷംതോറും റോഡ് തകരുന്ന മറ്റൊരു സ്ഥലമായ ബേക്കൽ പാലം മുതൽ ബേക്കൽ ജംക്ഷൻ വരെയുമാണ് കോൺക്രീറ്റിങ് നടത്തുന്നത്. കോൺക്രീറ്റ് പ്രവൃത്തിക്കിടെ ഒരു ഭാഗത്ത് കൂടി വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

