KSDLIVENEWS

Real news for everyone

ഇറാൻ മിസൈലുകൾ: ഉറക്കം നഷ്ടപ്പെട്ട് ബഹ്റൈനും കുവൈത്തും, അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഈജിപ്ത്

SHARE THIS ON

ദുബായ്∙ ഇറാൻ സേനാ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ ജനവാസ മേഖലയിൽ ഇറാന്റെ വ്യോമാക്രമണം. ചൊവ്വാഴ്ച രാത്രിയിൽ തുടങ്ങിയ ആക്രമണം ഇന്നലെ പുലരുവോളം തുടർന്നു. കുവൈത്തും ബഹ്റൈനും ആക്രമിച്ചതിനു പുറമെ ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലും മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമില്ല. തുടർച്ചയായ മിസൈൽ അലർട്ടിലും സ്ഫോടന ശബ്ദത്തിലും ബഹ്റൈനിലും കുവൈത്തിലും രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ടു ജനങ്ങൾ പരിഭ്രാന്തരായി. ഇന്നലെ പുലർച്ചെ പ്രാദേശിക സമയം രാത്രി ഒരു മണിക്കും രണ്ടു മണിക്കുമെല്ലാം മിസൈൽ അലർട്ടുകൾ വന്നു കൊണ്ടേയിരുന്നതായി അവിടെയുള്ള പ്രവാസികൾ പറഞ്ഞു. ഹോർമുസിൽ ഇറാൻ സ്ഥാപിച്ച കടൽ മൈനുകൾ പൊട്ടിത്തെറിച്ച് രണ്ട് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായും റിപ്പോർട്ട് ഉണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു.

കുവൈത്തിൽ ജനവാസ മേഖലയിൽ ഡ്രോൺ വീണു പാർപ്പിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായി. കുവൈത്ത് സിറ്റിയിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. ആർക്കും പരുക്കില്ല. ഇറാന്റെ മിസൈലുകളെ നേരിട്ടതായി ബഹ്റൈൻ അറിയിച്ചു. സാധാരണ ജനങ്ങൾക്കു നേരെയാണ് ആക്രമണം ഇറാൻ ആക്രമണം നടത്തിയതെന്നും ബഹ്റൈൻ അറിയിച്ചു. 13 ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിനു നേരെ വന്നതായി ജോർദാൻ അറിയിച്ചു. പ്രതിരോധ സേന 10 മിസൈലുകള്‍ തകർത്തു, 3 എണ്ണം ജനവാസമില്ലാത്ത മേഖലയിൽ പതിച്ചതായും ജോർദാൻ അറിയിച്ചു. ആക്രമണം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ പൗരന്മാർക്ക് അതതു രാജ്യങ്ങളിലെ യുഎസ് എംബസികൾ ജാഗ്രതാ നിർദേശം നൽകി.

യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണം. ഏതു നിമിഷവും വ്യോമപാത അടയ്ക്കാനും വിമാന സർവീസുകൾ റദ്ദാക്കാനുളള സാഹചര്യം മുന്നിൽ കാണണം. മടക്ക യാത്രയ്ക്കു തടസ്സം നേരിടാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് തയാറെടുപ്പുകൾ നടത്തണമെന്നും എംബസികൾ നിർദേശിച്ചു.

ഇതിനിടെ, ഓഗസ്റ്റ് 31ന് ഹോർമുസ് കടലിടുക്ക് കടക്കുന്നതിനിടെ സൗദിയുടെ സിദർ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ദേശീയ ഷിപ്പിങ് കമ്പനി ബഹ്റി അറിയിച്ചു. ഫിലീപ്പിൻസ് സ്വദേശികളാണ് മരിച്ചവർ. കപ്പലുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് സൗദി അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്നും തിരിച്ചടിയുണ്ടാകുമെന്നും ഖത്തർ പ്രസ്താവിച്ചു. മേഖലയിൽ ഇറാൻ തുടർച്ചയായി ആക്രമണം നടത്തുന്നത് സമാധാന ചർച്ചകൾക്കു വിലങ്ങു തടിയാകുമെന്നും ഖത്തർ പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്കു നേർക്ക് നടക്കുന്ന അതിക്രമങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഈജിപ്തും ഇറാനോട് ആവശ്യപ്പെട്ടു. ‌

ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് ഇറാൻ വില നൽകേണ്ടി വരുമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ ഈജിപ്ത് അപലപിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തൊട്ടുകളിക്കുന്നതു തിരിച്ചടിയുണ്ടാകും. അറബ് രാജ്യങ്ങൾക്ക് ഈജിപ്ത് പൂർണ പിന്തുണ നൽകുമെന്നും അവരുടെ പരമാധികാരത്തിനു നേരെയുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ഒപ്പുമുണ്ടാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!