ഉജ്ജയിനിൽ റോഡ് വികസനത്തിനിടെ ഷാഹി മസ്ജിദിന്റെ മിനാരം തകർന്നു; ക്രെയിൻ തകരാറാണെന്ന് വിശദീകരണം

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ റോഡ് വീതികൂട്ടൽ നടപടികളുടെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനിടെ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ മിനാരം തകർന്നു വീണു. വ്യാഴാഴ്ച മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ മിനാരം നീക്കം ചെയ്യുന്നതിനിടെയാണ് താഴികക്കുടത്തിലേക്കും പള്ളിയുടെ ഒന്നാം നിലയിലേക്കും പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്രെയിനിന്റെ സാങ്കേതിക തകരാറുമൂലം അബദ്ധത്തിൽ സംഭവിച്ച അപകടമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. മിനാരം നീക്കം ചെയ്യാനുപയോഗിച്ച ക്രെയിനിന്റെ ബെൽറ്റ് പൊട്ടിയതാണ് മിനാരം താഴേക്ക് പതിക്കാൻ കാരണമെന്ന് ഉജ്ജയിനിലെ മുസ്‌ലിം നേതാവായ ഖലീഖുർ റഹ്മാൻ പറഞ്ഞു..
2028 മാർച്ചിൽ ക്ഷിപ്ര നദീതീരത്ത് നടക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായാണ് പള്ളിക്ക് സമീപത്തെ റോഡ് വീതികൂട്ടുന്നത്. റോഡ് വികസനത്തിനായി പള്ളിയുടെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രദേശത്ത് തിങ്കളാഴ്ച വലിയ പ്രതിഷേധവും സംഘർഷവും ഉണ്ടായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും കല്ലേറ് നടക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ചത്തെ സംഘർഷത്തിന് പിന്നാലെ, പള്ളിയുടെ മുൻഭാഗം മുസ്‌ലിം സമുദായംഗങ്ങൾ തന്നെ മുൻകൈയെടുത്ത് പൊളിച്ചുനീക്കുന്നതിനിടെയാണ് അധികൃതർ ക്രെയിനുമായി എത്തിയത്. ”ഞങ്ങളുടെ ആളുകൾ തന്നെ മിനാരം മാറ്റിക്കൊണ്ടിരിക്കെ ഭരണകൂടം എന്തിനാണ് ഇത്ര ധൃതിപ്പെട്ട് ഇടപെട്ടത്?” എന്ന് ഷാഹി മസ്ജിദ് കമ്മിറ്റി അംഗം ചോദിച്ചു.
സംഭവത്തെ തുടർന്ന് സമുദായംഗങ്ങൾ സംയമനം പാലിക്കണമെന്ന് മതനേതാവ് ഖലീഖുർ റഹ്മാൻ ആഹ്വാനം ചെയ്തു. സംഘർഷം കൂടുതൽ നഷ്ടങ്ങൾക്കേ വഴിവെക്കൂ എന്നും അതിനാൽ സമാധാനം നിലനിർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി 500 മീറ്റർ ചുറ്റളവിൽ ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തി.
മുസ്‌ലിം സമുദായ പ്രതിനിധികളുമായി ചർച്ചകൾ നടക്കുകയാണെന്ന് ഉജ്ജയിൻ കലക്ടർ റോഷൻ കുമാർ സിങ് വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എട്ട് കേസുകളിലായി 35 പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

