കാഞ്ഞങ്ങാട്ട് മന്ത്രി ജനീഷിനെ തടഞ്ഞ 5 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: യുവജന കായിക മന്ത്രി ഒ.ജെ ജനീഷിന്റെ ഔദ്യോഗിക വാഹനം കാഞ്ഞങ്ങാട്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ്, മേഖലാ ട്രഷറര്‍ സബിന്‍, ബ്ലോക്ക് കമ്മിറ്റി അംഗം അനീഷ് രാമഗിരി, ഒ.വി അഖില്‍, വിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാണ്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. 50 ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. വെവ്വേറെ സംഭവങ്ങളിലായാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസിന്റെ നടപടി. മന്ത്രിയുടെ ഔദ്യോഗിക വാഹനം പുതിയകോട്ട ട്രാഫിക് സര്‍ക്കിളിന് സമീപം വെച്ച് തടഞ്ഞ സംഭവത്തിലാണ് 50 യുവമോര്‍ച്ച-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കാഞ്ഞങ്ങാട്ടെ പ്രശാന്ത്, അത്തിക്കോത്തെ സി. അഭിലാഷ്, മാവുങ്കാലിലെ എം. പ്രദീപ് കുമാര്‍, ബന്തടുക്കയിലെ അശ്വിന് അജി, കീഴൂരിലെ എസ്. അര്ജുന്, നെക്രാജെ പുണ്ടൂരിലെ പി.ആര് സുനില്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ നേരിട്ട് കേസെടുത്തത്.
കാഞ്ഞങ്ങാട്ടെ ഔദ്യോഗിക പരിപാടിക്കായി പോകുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് മുകളില്‍ കയറിയതുമായി ബന്ധപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സ്മൃതി മണ്ഡപത്തിന് സമീപത്തുവെച്ചാണ് സംഭവം. ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ നേരിട്ടാണ് കേസെടുത്തത്. കരിങ്കൊടികളുമായി സംഘം ചേര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തല്‍, പൊലീസുദ്യോഗസ്ഥന്റെ നിയമാനുസൃത ആജ്ഞ ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്

