KSDLIVENEWS

Real news for everyone

3 മണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടിലെത്തി; രണ്ടെണ്ണം വീശി, പാര്‍ക്കിങ്ങ് ഏരിയയില്‍ കിടന്നുറങ്ങി, ഒടുവില്‍ ദുബായിലേക്കുള്ള വിമാനം പോയി

SHARE THIS ON

ദുബായിലേക്ക് പോകാൻ വിമാനം കയറാനായി മൂന്ന് മണിക്കൂറ് മുമ്പ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് ഒടുവിൽ യാത്ര മുടങ്ങി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശിയായ ഭൂഷൺ കുമാറിനാണ് മദ്യലഹരിയിൽ വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങിയതിന് പിന്നാലെ വിമാനം നഷ്ടമായത്. സംഭവത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലും വൻ ചർച്ചയായി.

എത്തിയത് മൂന്നര മണിക്കൂറിന് മുമ്പ്
വ്യാഴാഴ്ച രാത്രി 9.05 -ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ IX-183 വിമാനത്തിൽ വാരണാസിയിൽ നിന്ന് ദുബായിലേക്ക് പോകാനായി ഭൂഷൺ കുമാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതിനായി വൈകിട്ട് ഏകദേശം 5.30 -ഓടെ അദ്ദേഹം വിമാനത്താവളത്തിലെത്തി. ഏതാണ്ട് മൂന്നര മണിക്കൂർ മുമ്പ്. എന്നാൽ, ടെർമിനലിലേക്ക് പോകുന്നതിന് പകരം ഭൂഷൺ കുമാർ നേരെ പാർക്കിങ് മേഖലയിലേക്കാണ് പോയത്. അവിടെ ഇരുന്ന് അല്പം മദ്യപിച്ചു. പിന്നാലെ അവിടെ തന്നെ കിടന്ന് ഉറങ്ങിപ്പോയെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമയത്ത് അദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

പോലീസെത്തി, കസ്റ്റഡിയിൽ എടുത്തു
കുറേനേരമായി ഒരാൾ പാർക്കിങ് ഏരിയയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഭൂഷൺ കുമാറിന്‍റെ അടുത്തെത്തി പരിശോധിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാർ തന്നെ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചു. എന്നാൽ, പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ദുബായിലേക്കുള്ള വിമാനം പറന്നുയർന്നിരുന്നു. ഇതോടെ ഭൂഷണിന് വിമാനത്തിൽ കയറാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്തെത്തിയ പോലീസ് ഭൂഷൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെയെത്തിയത് കൊണ്ടായില്ലെന്ന്
വിമാനത്താവളത്തിൽ ഭൂഷൺ കുമാറിനൊപ്പം കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. പിന്നീട് പോലസ് ഗൊരഖ്പൂരിലുള്ള ഭൂഷണിന്‍റെ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും സംഭവത്തെക്കുറിച്ച് വിവരം നൽകുകയും ചെയ്തു. ഇതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നരമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയിട്ടും ഭൂഷൺ കുമാറിന്‍റെ ദുബായ് യാത്ര മുടങ്ങി. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യാത്രക്കാർ വിമാനത്താവളത്തിലെത്തിയ ഉടനെ ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് നടപടികൾ പൂർത്തിയാക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് നിരവധി പേരെഴുതി.

error: Content is protected !!