‘ഭീഷണി വേണ്ട, ചെയ്യാന്‍ പറ്റുന്നത് ചെയ്യട്ടെ’; ഗവര്‍ണറെ വെല്ലുവിളിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു.
ഭീഷണി വേണ്ട. ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഗവര്‍ണര്‍ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവര്‍ണര്‍ പറയുന്നു. സര്‍ക്കാര്‍ ഇതിനെയൊക്കെ നേരിടും. അസാധാരണമായ കാര്യങ്ങള്‍ ഗവര്‍ണര്‍ ചെയ്യുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സമാന്തര ഭരണത്തിന് ശ്രമിച്ചാല്‍ നടപ്പില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് സ്വര്‍ണക്കടത്ത് കേസ് ആയുധമാക്കിയാണ് ഇന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചാലും താന്‍ ഇടപെടും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ രാജിവെച്ചത് എന്തിനെന്ന് ചോദിച്ച ഗവര്‍ണര്‍ വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേയെന്നും ചോദിച്ചു.

