ഇനി പണം നൽകില്ല, ആവശ്യമെങ്കിൽ കൊടുക്കും; ഇസ്രായേലിനുള്ള ധനസഹായം ഈ വര്‍ഷത്തോടെ നിര്‍ത്തുമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേലിന് അമേരിക്ക നൽകിവരുന്ന സാമ്പത്തിക ധനസഹായം ഈ വർഷത്തോടെ നിർത്തിവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചകളിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടിങ് നടക്കുന്നതിനിടെ ‘ഫോക്സ് ന്യൂസി’ന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ഇസ്രായേലിന് ഇനി ഈ ധനസഹായത്തിന്റെ ആവശ്യമില്ലെന്നും, പ്രതിപക്ഷമായ ഡെമോക്രാറ്റുകളും ഇടതുപക്ഷ രാഷ്ട്രീയക്കാരും റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കാൻ ഇത് ഒരു ആയുധമായി ഉപയോഗിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ധനസഹായത്തിന്റെ കാര്യത്തിൽ ഞാനും നെതന്യാഹുവും തമ്മിൽ നേരത്തെ ധാരണയിലെത്തിയിരുന്നു. പ്രതിവർഷം 4 ബില്യണ്‍ ഡോളറാണ് നമ്മൾ ഇസ്രായേലിന് നൽകുന്നത്. എന്നാൽ ഈ വർഷാവസാനത്തോടെ ഇത് അവസാനിപ്പിക്കാൻ മാസങ്ങൾക്ക് മുൻപേ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇനി മുതൽ ഇസ്രായേലിന് പണം നൽകില്ല, പക്ഷേ അവർക്ക് ആവശ്യമെങ്കിൽ സഹായിക്കാൻ നമ്മൾ തയാറാണ്”- ട്രംപ് പറഞ്ഞു. എന്തുകൊണ്ടാണ് സഹായം നിർത്തിവെക്കുന്നത് എന്ന ചോദ്യത്തിന് ഇസ്രായേലിന് ഇനി ഇതിന്റെ ആവശ്യമില്ലാത്തതുകൊണ്ടാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
എന്നാൽ ട്രംപ് പരാമർശിച്ചത് ഏത് തരത്തിലുള്ള സഹായത്തെക്കുറിച്ചാണെന്നതിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം അമേരിക്ക ഇസ്രായേലിന് സൈനിക സഹായം നൽകുന്നതിനായി ഒപ്പിട്ട 10 വർഷത്തെ കരാർ (മൊമൊറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിംഗ്) 2028 വരെയുണ്ട്. അതിനാൽ ട്രംപ് പ്രഖ്യാപിച്ച തീരുമാനം പ്രായോഗികമായി എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. വാർത്തയോട് വൈറ്റ് ഹൗസോ നെതന്യാഹുവിന്റെ ഓഫീസോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രായേലിനുള്ള സൈനിക സഹായവും രാഷ്ട്രീയ ധനസഹായങ്ങളും യുഎസില്‍ വലിയ ചർച്ചാവിഷയമായി മാറിയ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്. ഗസ്സയില്‍ ഇസ്രായേൽ
നടത്തുന്ന വംശഹത്യയുടെ പശ്ചാതലത്തില്‍ യുഎസ് പ്രതിനിധി സഭയിൽ ഇസ്രായേലിനുള്ള സൈനിക സഹായം വെട്ടിക്കുറക്കാനുള്ള ഭേദഗതി പരാജയപ്പെട്ടിരുന്നുവെങ്കിലും, ഡെമോക്രാറ്റുകൾക്കിടയിലും ചില റിപ്പബ്ലിക്കൻ പ്രതിനിധികൾക്കിടയിലും ഇസ്രായേൽ നയത്തിനെതിരെ എതിർപ്പ് ശക്തമാണ്.

