കണ്ണൂര്‍ വി.സി: മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവും, നാള്‍വഴി വിശദീകരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം:കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈയെടുത്തതെന്ന് തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
തന്റെ നിർദേശപ്രകാരമാണ് വി.സി.ക്ക് പുനർനിയമനം നൽകാൻ മന്ത്രി ആർ. ബിന്ദു കത്തുനൽകിയതെന്ന വ്യാഖ്യാനം ശരിയല്ല. വി.സി.ക്ക് പുനർനിയമനം നൽകണമെന്ന നിർദേശം സമർപ്പിക്കാൻ പ്രൊ-ചാൻസലറെന്നനിലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അനുമതിനൽകണമെന്നത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമായിരുന്നു. അതുപ്രകാരം ഗവർണറുടെ ഓഫീസിൽനിന്ന് നൽകിയ കത്തിനെ ആകെ നടന്ന സംഭവങ്ങളുടെ ഭാഗമായി കാണണമെന്നും രാജ്ഭവൻ വിശദീകരിക്കുന്നു.
ഡോ. ഗോപിനാഥിന് പുനർനിയമനം ലഭിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹൻ, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ്, മന്ത്രി ആർ. ബിന്ദു എന്നിവരാണ് ഇടപെട്ടത്. മന്ത്രി ബിന്ദുവിന്റെ ഇടപെടൽ അധികാര ദുർവിനിയോഗമാണെന്നുകാണിച്ച് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് ഗവർണറുടെ പത്രക്കുറിപ്പ് ഇറങ്ങിയത്.
കഴിഞ്ഞദിവസം ഈ കേസ് ലോകായുക്ത പരിഗണിക്കുന്ന വേളയിൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് നൽകിയ കത്ത് ഹാജരാക്കിയിരുന്നു. വി.സി. സ്ഥാനത്തേക്ക് നിർദേശം സമർപ്പിക്കാൻ ഗവർണർ മന്ത്രിക്ക് അനുമതിനൽകിയതിനാൽ മന്ത്രിയുടെ കത്ത് അധികാര ദുർവിനിയോഗമല്ല എന്നായിരുന്നു സർക്കാരിന്റെ വാദം. തുടർന്നാണ് രാജ്ഭവൻ വിശദീകരണക്കുറിപ്പ് ഇറക്കിയത്.
പത്രക്കുറിപ്പിൽ വി.സി. നിയമനപ്രക്രിയയുടെ ആദ്യംമുതലുള്ള നാൾവഴി തീയതിയും സമയവുംവെച്ച് വിശദീകരിക്കുന്നുണ്ട്.
കണ്ണൂർ വി.സി. നിയമനം: നാൾവഴി വിശദീകരിച്ച് ഗവർണർ
നവംബർ- 21 രാവിലെ 11.30
മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതുസരിച്ച് അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ് ഗവർണറെക്കണ്ട് ഡോ. ഗോപിനാഥ് രവീന്ദ്രന് ഒരു ടേം കൂടി നൽകാൻ സർക്കാരിന് താത്പര്യമുണ്ട് എന്നറിയിച്ചു. ഇതിനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ശുപാർശ പിന്നാലെ വരുമെന്നും പറഞ്ഞു.
വി.സി. നിർണയ നടപടികൾ തുടങ്ങിയതിനാൽ നിയമപരമായി ഇത് നിൽക്കുമോയെന്ന സംശയം ഗവർണർ പ്രകടിപ്പിച്ചു. സർക്കാർ നിയമോപദേശം തേടിയെന്നു പറഞ്ഞ് ടൈപ്പ് ചെയ്ത കുറച്ച് കടലാസുകൾ കാണിച്ചു. ഇത് ആരുടെ അഭിപ്രായമെന്നു ചോദിച്ചപ്പോൾ അഡ്വക്കേറ്റ് ജനറലിന്റേ (എ.ജി.) താണെന്നു പറഞ്ഞു. എ.ജി.യുടേതെങ്കിൽ ഒപ്പും സീലും വേണമെന്ന് ഗവർണർ നിർദേശിച്ചു.
ഉച്ചയ്ക്ക് 1.30
ഡോ. ഗോപിനാഥിനെ വി.സി.യായി പുനർനിയമിക്കണമെന്ന താത്പര്യം പ്രകടിപ്പിക്കുന്നതും അദ്ദേഹത്തിന്റെ യോഗ്യതകൾ വിശദീകരിക്കുന്നതുമായ മന്ത്രി ആർ. ബിന്ദുവിന്റെ കത്ത് ലഭിച്ചു. വി.സി. നിർണയ സമിതിയെ നിയമിച്ച വിജ്ഞാപനം റദ്ദുചെയ്യണമെന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സർക്കാരിന്റെ വിജ്ഞാപനം റദ്ദ് ചെയ്യാനുള്ള അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നവംബർ -22 ഉച്ചയ്ക്ക് 12.10
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹനും നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥും എത്തി ആവശ്യം ആവർത്തിച്ചു. എ.ജി.യുടെ ഒപ്പും സീലും പതിച്ച നിയമോപദേശവും നൽകി.
ഡോ. ഗോപിനാഥിന് പുനർനിയമനം നൽകുന്നതിൽ നിയമപ്രശ്നങ്ങളില്ലെന്നും 60 വയസ്സെന്ന സർവകലാശാലാ നിയമത്തിലെ പ്രായപരിധി യു.ജി.സി. റഗുലേഷന് വിരുദ്ധമായതിനാൽ നിലനിൽക്കില്ലെന്നും എട്ടുപേജുള്ള നിയമോപദേശത്തിൽ എ.ജി. വ്യക്തമാക്കി.
ഇതിനോട് യോജിക്കുന്നെങ്കിൽ വി.സി.ക്ക് പുനർനിയമനം നൽകാനുള്ള ശുപാർശ സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രിക്ക് അനുമതി നൽകണമെന്നും നിയമോപദേശത്തിൽ പറഞ്ഞിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം ഗവർണർ അംഗീകരിച്ചത്.
വൈകുന്നേരം 4.30
ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.സി. നിർണയസമിതിയുടെ വിജ്ഞാപനം റദ്ദാക്കാനും വി.സി.ക്ക് പുനർനിയമനം നൽകണം എന്നാവശ്യപ്പെടുന്ന നിർദേശം സമർപ്പിക്കാനും സർക്കാരിന് അനുമതിനൽകി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.
രാത്രി 10.10
ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ പേര് നിർദേശിക്കുന്ന മന്ത്രിയുടെ കത്ത് രാജ്ഭവനിൽ ലഭിച്ചു.
നവംബർ -23
ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയുള്ള വിജ്ഞാപനം രാജ്ഭവൻ ഇറക്കി.
കണ്ണൂർ സർവകലാശാലാ വി.സി. നിയമനപ്രക്രിയയുടെ ആദ്യംമുതലുള്ള നാൾവഴി തീയതിയും സമയവും വിശദീകരിച്ച് ഗവർണറുടെ ഓഫീസിൽനിന്ന് കത്ത് പുറത്തിറക്കി

