സംഘടിതമായി വിലകൂട്ടി; അഞ്ച് വന്‍കിട ടയര്‍ കമ്പനികള്‍ക്ക് 1788 കോടി രൂപ പിഴചുമത്തി

ദുർഘടംപിടിച്ച വഴികളിൽ ഓടിക്കുന്ന വണ്ടികൾക്കുപയോഗിക്കുന്ന ക്രോസ് പ്ലൈ ഇനം ടയറുകളുടെ വില സംഘടിതമായി കൂട്ടാൻ ശ്രമിച്ചതിന് അഞ്ച് വൻകിട ടയർ കമ്പനികൾക്ക് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സി.ഐ.) 1788 കോടി രൂപ പിഴചുമത്തി. ഇവരുടെ സംഘടനയായ ആത്മയ്ക്കും(ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ) പിഴയിട്ടിട്ടുണ്ട്.
എം.ആർ.എഫ്. (622.09 കോടി), അപ്പോളോ ടയേഴ്സ് (425.53 കോടി), സിയാറ്റ് (252.16 കോടി), ജെ.കെ. ടയേഴ്സ് (309.95 കോടി), ബിർള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആത്മയുടെ പിഴ നാമമാത്രമാണ്- 8.4 ലക്ഷം രൂപ.
2018 ഓഗസ്റ്റ് 31-നാണ് സി.സി.ഐ. ഇതുസംബന്ധിച്ച അന്തിമ ഉത്തരവിറക്കിയത്. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാൽ പുറത്തുവിട്ടിരുന്നില്ല. ഇത് ഡിവിഷൻ ബെഞ്ച് ജനുവരി ആറിന് തള്ളി. തുടർന്ന്, സുപ്രീംകോടതിയിൽ നൽകിയ പ്രത്യേകാനുമതി ഹർജിയും തള്ളിയതിനെത്തുടർന്നാണ് സി.സി.ഐ. കഴിഞ്ഞദിവസം ഉത്തരവ് പുറത്തുവിട്ടത്.
വിപണിയിൽ കൃത്രിമമായി വില നിശ്ചയിക്കുന്ന സാഹചര്യം ഇല്ലാതാക്കലാണ് സി.സി.ഐ.യുടെ ദൗത്യം. ഏത് ഉത്പന്നമായാലും മത്സരമുണ്ടാകുമ്പോൾ വിലകുറയുകയും ഉപഭോക്താവിന് ഗുണമാകുകയുംചെയ്യും. ഒരേ ഉത്പന്നം വിൽക്കുന്ന കമ്പനികൾ സംഘടിതമായി വില നിശ്ചയിച്ചാൽ ഉപഭോക്താവിനാണ് നഷ്ടം.
ഈ തത്ത്വത്തിലധിഷ്ഠിതമായ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. ഇതുസംബന്ധിച്ച് ഓൾ ഇന്ത്യ ടയർ ഡീലേഴ്സ് ഫെഡറേഷനാണ്(എ.ഐ.ടി.ഡി.എഫ്.) പരാതി നൽകിയത്. ഉത്തരവ് ചോദ്യംചെയ്ത് നാഷണൽ കമ്പനിനിയമ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻ.സി.എൽ.എ.ടി.) സമീപിക്കാനൊരുങ്ങുകയാണ് കമ്പനികൾ.
ക്രോസ് പ്ലൈ ടയറും റേഡിയൽ ടയറും
ടയറിനെ പ്ലൈ(ഫേബ്രിക്) പൊതിയുന്ന രീതിയാണ് ഇവ തമ്മിലുള്ള വ്യത്യാസം. നൈലോൺ, പോളിസ്റ്റർ, പോളിഗ്ലാസ് തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന ഫാബ്രിക്. ലംബമായി ഏതാണ്ട് 90 ഡിഗ്രിയിലാണ് ചുറ്റുന്നതെങ്കിൽ അവ റേഡിയൽ ടയർ. പ്രത്യേക കോണിൽ അങ്ങോട്ടുമിങ്ങോട്ടുമാണ് ചുറ്റുന്നതെങ്കിൽ അവ ക്രോസ് പ്ലൈ അഥവാ ബയാസ് ടയർ.
നല്ല റോഡുകൾ ഉദ്ദേശിച്ചുള്ളവയാണ് റേഡിയൽ ടയർ. കാറുകളിലും മറ്റും ഉപയോഗിക്കുന്നത് ഇതാണ്. ദുർഘട റോഡുകളിലൂടെ ഓടിക്കാനാണ് ക്രോസ് പ്ലൈ ടയറുകൾ ഉപയോഗിക്കുന്നത്. ട്രക്കുകളിലാണ് കൂടുതൽ കാണുക.

