ദേലംപാടി-പഞ്ചിക്കൽ റോഡിൽ പുലി കാറിനു മുമ്പിലൂടെ ഓടി, കണ്ട കാര്യം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ല

ദേലംപാടി ∙ പാണ്ടി തീർഥക്കരയിൽ പുലിയിറങ്ങി വളർത്തു പട്ടിയെ പിടിച്ചതിനു പിന്നാലെ ദേലംപാടി ബെനാരിയിലും പുലിയെ കണ്ട് നാട്ടുകാർ. ദേലംപാടി-പഞ്ചിക്കൽ റോഡിൽ ബുധനാഴ്ച രാത്രി 9.15 നാണ് കാർ യാത്രക്കാർ പുലിയെ കണ്ടത്.ഇവർ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗ്രാമവാസികൾ ഭീതിയിലായി. കല്ലടുക്കയിലെ അബ്ദുല്ലയും സുഹൃത്തുക്കളുമാണ് പുലിയെ കണ്ടത്.കാറിന്റെ വെളിച്ചം കണ്ട് കാട്ടിലേക്ക് കയറിയെങ്കിലും ഇവർ വെളിച്ചം അണച്ചതോടെ വീണ്ടും റോഡിലേക്കിറങ്ങി.

പുലിയെ കണ്ട സ്ഥലത്ത് വനപാലകർ പരിശോധന നടത്തുന്നു.
ഇങ്ങനെ 4 തവണ പുലി റോഡിൽ അങ്ങോട്ടുമിങ്ങോട്ടും പോയതായി ഇവർ പറയുന്നു. പുള്ളിപ്പുലിക്ക് 2 വയസ്സോളം പ്രായമുണ്ടാകുമെന്നാണ് വനപാലകരുടെ നിഗമനം. കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച രാത്രിയും അബ്ദുല്ല പുലിയെ കണ്ടിരുന്നു. അതേസമയം അന്ന് കണ്ട പുലിക്ക് ഇതിന്റെയത്രയും വലിപ്പമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. രണ്ടെണ്ണം ഉണ്ടോ എന്ന സംശയവും ഉണ്ട്.
വനത്തിനുള്ളിലെ റോഡിലാണ് പുലിയെ കണ്ടതെങ്കിലും ഇതിന്റെ തൊട്ടടുത്ത് ജനവാസ പ്രദേശങ്ങളാണ്. പക്ഷേ ഇതുവരെ ആക്രമണമൊന്നും ഉണ്ടായിട്ടില്ല. ദേലംപാടിക്കാർ സുള്ള്യയിലേക്കും ജാൽസൂരിലേക്കും പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. രാത്രി നേരങ്ങളിലും നിരവധി പേർ ഇതിലൂടെ യാത്ര ചെയ്യാറുണ്ട്. ഇടയ്ക്കു കാട്ടാനയും കാട്ടുപോത്തുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ പുലിയെ കാണുന്നത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എൻ.രമേശൻ,ആർആർടി ഫോറസ്റ്റർമാരായ കെ.ജയകുമാരൻ,എം.പി.രാജു എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
എത്ര പുലി?
പാണ്ടി തീർഥക്കരയിലും ബെനാരിയിലും ഇറങ്ങിയത് വെവ്വേറെ പുലികളാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.. തീർഥക്കരയിലെ മണികണ്ഠന്റെ വീട്ടിൽ നിന്ന് പുലി പട്ടിയെ കൊണ്ടുപോയത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഒരേ പഞ്ചായത്താണെങ്കിലും 2 സ്ഥലങ്ങൾ തമ്മിൽ 8 കിലോമീറ്ററോളം ദൂരമുണ്ട്. തീർഥക്കരയിൽ നിന്ന് ജനവാസ മേഖലകളിലൂടെയല്ലാതെ ബെനാരിയിൽ എത്താൻ കഴിയില്ല. മാത്രമല്ല ഞായറാഴ്ച രാത്രി തന്നെ ബെനാരിയിലും പുലിയെ കണ്ടിരുന്നു.
ഉറക്കം കെടുത്തി പുലി
ദേലംപാടി പഞ്ചായത്തിലെ 2 ഇടങ്ങളിൽ പുലിയിറങ്ങിയതോടെ വനാതിർത്തി ഗ്രാമങ്ങളിലുള്ളവർ കൂടുതൽ ഭീതിയിലായി. ആനപ്പേടി രൂക്ഷമായ സാഹചര്യത്തിലാണ് പുലി കൂടി ഇവരുടെ ഉറക്കം കെടുത്തുന്നത്. ആനയും ആദ്യകാലത്ത് വരവറിയിച്ചത് ദേലംപാടിയിലെ വനാതിർത്തി ഗ്രാമങ്ങളിലാണ്. 20 വർഷം കഴിഞ്ഞപ്പോൾ കൂടുതൽ പഞ്ചായത്തുകളിലേക്ക് ആനകളുടെ ശല്യം വ്യാപിച്ചെന്നുമാത്രമല്ല എണ്ണം 20 ൽ ഏറെയായി.
കർണാടക അതിർത്തിയോട് ചേർന്ന പ്രദേശമാണ് പുലിയെ കണ്ടെന്നു പറയുന്ന സ്ഥലം. കർണാടക വനത്തിൽ നിന്ന് എത്തിയതാകാനാണ് സാധ്യത. വളർത്തുമൃഗങ്ങളെയോ മറ്റോ ആക്രമിച്ചതായി വിവരം ഇല്ല. അതുകൊണ്ട് കർണാടക വനത്തിലേക്ക് തന്നെ അത് പോയിരിക്കാനാണ് സാധ്യത
ടി.ജി.സോളമൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ
ബുധനാഴ്ച രാത്രി ഏകദേശം 9.15 ആയിക്കാണും. മാപ്പിളടുക്കയിലേക്ക് ഉറൂസ് ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഞാനും 4 സുഹൃത്തുക്കളും. ഞാനാണ് കാർ ഓടിച്ചിരുന്നത്. റോഡിന്റെ പണിക്കായി ടാറിങ് കിളച്ചിട്ടിരിക്കുന്നതിനാൽ പതിയെയാണ് പോയിക്കൊണ്ടിരുന്നത്. ഞായറാഴ്ച രാത്രി പുലിയെ കണ്ടിരുന്നതിനാൽ ശ്രദ്ധിച്ചായിരുന്നു യാത്ര. ബെനാരിയിൽ എത്തിയപ്പോൾ പെട്ടെന്ന് പുലി കാറിനു മുൻപിലൂടെ ഓടി കാട്ടിലേക്ക് കയറി.
മുൻപ് കണ്ടതിനേക്കാൾ കുറച്ച് വലുതായിരുന്നു ഈ പുലി. റോഡിനു മുകൾ ഭാഗത്തെ കാട്ടിലേക്ക് കയറി അത് ഞങ്ങളെ തന്നെ നോക്കി നിന്നു. ഞങ്ങൾ കാറിന്റെ വെളിച്ചം കെടുത്തി കുറച്ച് അകലെയായി നിന്നപ്പോൾ വീണ്ടും താഴേക്ക് പോയി. അങ്ങനെ 4 തവണയാണ് ഞങ്ങളുടെ മുന്നിലൂടെ പോയത്. അതിനിടയിൽ സുഹൃത്ത് സാദിഖ് മൊബൈലിൽ വിഡിയോ പകർത്തുകയും ചെയ്തു. ആദ്യം കണ്ട കാര്യം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ല. കാരണം ഈ പ്രദേശത്ത് മുൻപ് പുലിയുണ്ടായിരുന്നില്ല.
അബ്ദുല്ല കല്ലടുക്ക, ദേലംപാടി, പുലിയെ കണ്ടയാൾ

