ചേര്‍ണോബില്‍’ ആവര്‍ത്തിക്കാന്‍ റഷ്യ ശ്രമിക്കുന്നു; ആരോപണവുമായി സെലെന്‍സ്കി

സപറോഷിയയിലെ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. ചേര്‍ണോബില്‍ ദുരന്തം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“റഷ്യയല്ലാതെ മറ്റൊരു രാജ്യവും ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ല. ഇത് ചരിത്രത്തിലാദ്യമായാണ്. ഭീകര രാഷ്ട്രം ഇപ്പോൾ ആണവ ഭീകരതയിലേക്ക് തിരിയുകയാണ്,” സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.
അധിനിവേശം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി റഷ്യയും പ്രതിരോധിച്ച് യുക്രൈനും. യുക്രൈനിലെ സപറോഷിയയിലെ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായതായി വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബ സ്ഥിരീകരിച്ചു. ആണവനിലത്തില്‍ അപകടമുണ്ടായാല്‍ അത് ചേര്‍ണോബില്‍ ദുരന്തത്തിന്റെ പത്തിരട്ടി പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യ ഉടനടി ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യൻ ഏഴാം വ്യോമസേനാ വിഭാഗത്തിന്റെ കമാൻഡിങ് ജനറൽ മേജർ ജനറൽ ആൻഡ്രി സുഖോവെറ്റ്സ്കി യക്രൈനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കൻ റഷ്യയിലെ ക്രാസ്നോദർ മേഖലയിലെ പ്രാദേശിക അധികൃതരാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഏത് സാഹചര്യത്തിലാണ് ആന്‍ഡ്രി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.
അസോവ് കടലിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളിന്റെ മേഖലയില്‍ കടുത്ത പോരാട്ടം തുടരുകയാണ്. ഹെർസണ്‍ നഗരം തങ്ങളുടെ അധീനതയിലായതായി റഷ്യന്‍ സൈന്യം അവകാശപ്പെടുന്നു. 2.8 ലക്ഷം പേരുള്ള ബ്ലാക്ക് സി പോര്‍ട്ടിലെ പ്രാദേശിക സർക്കാർ കേന്ദ്രം റഷ്യൻ സൈന്യം ഏറ്റെടുത്തതായി യുക്രൈന് അധികൃതര്‍ സ്ഥിരീകരിച്ചു.
യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി വെടിനിർത്തലും മാനുഷിക ഇടനാഴിയും വേണമെന്ന് ഇന്നലെ റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ യുക്രൈൻ അഭ്യർത്ഥിച്ചു. റഷ്യയും യുക്രൈനും തമ്മിൽ ബലാറസിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുക്രൈന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിന് യുക്രൈനിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രൈനിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രൈനിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.

