KSDLIVENEWS

Real news for everyone

മിനി ലോക്ഡൗണ്‍ തുടരും; സമ്പൂര്‍ണ ലോക്ഡൗണ്‍ തീരുമാനം വെള്ളിയാഴ്ച്ച

SHARE THIS ON

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനായി ചൊവ്വാഴ്ച്ച മുതല്‍ ആറു ദിവസം സംസ്ഥാനത്ത് കടുത്ത നിയന്ത്രണം. വാരാന്ത്യ നിയന്ത്രണത്തിന് സമാനമായി ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസ് മാത്രമേ ഉണ്ടാകൂ.എല്ലാ കേന്ദ്ര, സംസ്ഥാന ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25% പേരെ മാത്രം വച്ചു പ്രവര്‍ത്തിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ബാക്കിയുള്ളവര്‍ വര്‍ക് ഫ്രം ഹോം രീതി സ്വീകരിക്കണം. ഇത് ഇന്നു മുതല്‍ നടപ്പാകും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്. അവശ്യമേഖലകള്‍ക്ക് ഇതില്‍ ഇളവുണ്ട്.

ഇന്നു മുതല്‍ ഞായര്‍ വരെ അത്യാവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. ആള്‍ക്കൂട്ടം പാടില്ല. കടയുടമകളും ജീവനക്കാരും ഇരട്ട മാസ്‌ക്കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണമെന്നും ചീഫ് സെക്രട്ടറി വി പി ജോയിയുടെ ഉത്തരവില്‍ നിര്‍ദേശിച്ചു. ലംഘിച്ചാല്‍ കേസെടുക്കും. നടപടികള്‍ ശക്തമാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.

വാരാന്ത്യ നിയന്ത്രണങ്ങളില്‍ നിന്ന് ഒരു പടി കൂടി കടന്നുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളിയാഴ്ചയോടെ സ്ഥിതി വിലയിരുത്തി സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണോ എന്ന തീരുമാനമെടുക്കും. ഭിന്നശേഷിക്കാരെ ഓഫിസില്‍ ഡ്യൂട്ടിക്ക് എത്തുന്നതില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. സാധിക്കുന്നവര്‍ക്ക് വര്‍ക് ഫ്രം ഹോം ചെയ്യാം.

ഇന്നു മുതലുള്ള നിയന്ത്രണങ്ങള്‍

ഓഫിസ്, അവശ്യ സേവനം

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇവയ്ക്കു കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യ സേവന വിഭാഗങ്ങള്‍, കോവിഡ് പ്രതിരോധ സേവനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യം ജീവനക്കാര്‍ മാത്രം.

ടെലികോം, ഐടി

ടെലികോം സേവനം, അടിസ്ഥാന സൗകര്യമേഖല (ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്സ്), ഇന്റര്‍നെറ്റ് സേവനദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി എന്നിവ അവശ്യ സേവനങ്ങളുടെ ഗണത്തില്‍. ഇവയിലെ ജീവനക്കാര്‍ക്കു സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ കാണിച്ചു യാത്ര ചെയ്യാം. ഐടി സ്ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ മാത്രം.

ബസ്, ട്രെയിന്‍, ടാക്സി

വിമാന യാത്ര, ദീര്‍ഘദൂര ബസ്, ട്രെയിന്‍ എന്നിവയ്ക്കു തടസ്സമില്ല. പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍, ഓട്ടോ, ടാക്സി എന്നിവ അനുവദിക്കും. യാത്രാ രേഖ/ടിക്കറ്റ് കരുതണം.

രോഗികള്‍, പരിചാരകര്‍

ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. രോഗികള്‍, അടിയന്തര യാത്രക്കാര്‍, വാക്സീന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖ കരുതണം. പ്രായമായവരെ പരിചരിക്കുന്നവര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും യാത്ര ചെയ്യാം.

ഹോട്ടല്‍, വര്‍ക്ക് ഷോപ്

മെഡിക്കല്‍ ഷോപ്പ്, പലചരക്കുകട, പഴം/പച്ചക്കറി കട, ഡെയറി/പാല്‍ ബൂത്തുകള്‍, മത്സ്യ/മാംസ വില്‍പനശാലകള്‍, കള്ള് ഷാപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കാം. വാഹന വര്‍ക്ക് ഷോപ്, സര്‍വീസ് സെന്റര്‍, സ്പെയര്‍പാര്‍ട്സ് കട തുടങ്ങിയവ തുറക്കാം. പ്രവര്‍ത്തനം രാത്രി 9 വരെ. ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പാഴ്സലിനും ഹോം ഡെലിവറിക്കും മാത്രം അനുമതി. പ്രവര്‍ത്തനം രാത്രി 9 വരെ. മെഡിക്കല്‍ ഓക്സിജന്‍ വാഹനങ്ങള്‍ക്കു നിയന്ത്രണമില്ല. തിരിച്ചറിയല്‍ കാര്‍ഡ് വേണം.

വിവാഹം, ആരാധന

വിവാഹത്തിനും ഗൃഹ പ്രവേശനത്തിനും പരമാവധി 50 പേര്‍. മരണാനന്തര ചടങ്ങിന് 20 പേര്‍. എല്ലാ ചടങ്ങും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ആരാധനാലയങ്ങളില്‍ 50ല്‍ കൂടുതല്‍ പേര്‍ പാടില്ല. 2 മീറ്റര്‍ അകലം പാലിക്കണം.

ബാങ്ക്, റേഷന്‍ കട

റേഷന്‍ ഷോപ്പ്, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഔട്‌ലെറ്റുകള്‍ എന്നിവ തുറക്കാം. ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ. ഇടപാടുകാര്‍ ഇല്ലാതെ 2 മണി വരെ തുടരാം.

25% നിബന്ധന: ഇളവുള്ള ഓഫിസുകള്‍

ജീവനക്കാരുടെ 25% മാത്രം ഹാജര്‍ എന്നതില്‍ ഇളവു നല്‍കിയ ഓഫിസുകള്‍: റവന്യു, ദുരന്തനിവാരണം, തദ്ദേശഭരണം, പൊലീസ്, ലാബുകളും ഫാര്‍മസികളും ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍, തൊഴില്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്സ്, ഗതാഗതം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, സര്‍ക്കാര്‍ പ്രസ് തുടങ്ങിയ വകുപ്പുകള്‍, കണ്‍സ്യൂമര്‍ഫെഡ്, മില്‍മ, കെപ്കോ, മത്സ്യഫെഡ്, ജല അതോറിറ്റി, കെഎസ്ഇബി, ഐടിയും അനുബന്ധ സ്ഥാപനങ്ങളും, തപാല്‍ സേവനങ്ങള്‍, ഇന്റര്‍നെറ്റ് സേവനദാതാക്കളും അടിസ്ഥാനസൗകര്യദാതാക്കളും, യാത്രചരക്കു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, കുറിയര്‍ സര്‍വീസുകള്‍, ഓക്സിജനും മരുന്നും ഉള്‍പ്പെടെ മെഡിക്കല്‍ മേഖലയിലെ ഉല്‍പാദനവിതരണ മേഖലകളിലെ സ്ഥാപനങ്ങള്‍, ബേക്കറികള്‍.

ഷൂട്ടിങ് നിര്‍ത്തണം; നിര്‍മാണ മേഖല പ്രവര്‍ത്തിക്കാം

ഇന്നു നിലവില്‍വരുന്ന ‘മിനി ലോക്ഡൗണ്‍’ പ്രകാരം സിനിമ, സീരിയല്‍, ഡോക്യുമെന്ററി ചിത്രീകരണങ്ങള്‍ നിര്‍ത്തിവയ്ക്കണം. കൃഷി, തോട്ടം, മൃഗ സംരക്ഷണം മേഖലകള്‍ക്കും ചെറുകിട ഇടത്തര വ്യവസായ സ്ഥാപനങ്ങള്‍ക്കും നിര്‍മാണ മേഖലയ്ക്കും പ്രവര്‍ത്തിക്കാം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ജോലി തുടരാം. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്ന അവശ്യ സേവനത്തില്‍ പെടുന്ന വ്യവസായങ്ങള്‍ /കമ്പനികള്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!