വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: കാന്തപുരം

കോഴിക്കോട് | രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ കാത്തു സൂക്ഷിച്ചുപോരുന്ന ബഹുസ്വര സമൂഹത്തിനിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അഖിലേന്ത്യാ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമ്മിറ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ക്കിടയില്‍ വെറുപ്പിന്റെ വിത്തു വിതക്കുന്നവരും തീവ്രമായ വര്‍ഗ്ഗീയ ആശയങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവരും രാജ്യത്തിന്റെ ശത്രുക്കളാണ്. വിവിധ മതവിശ്വാസികള്‍ അവരവരുടെ വിശ്വാസാചാരങ്ങള്‍ മൗലികമായി പാലിക്കുന്നതല്ല, മറിച്ച് ഇതര മതങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്നതും അപഹസിക്കുന്നതുമാണ് വര്‍ഗ്ഗീയത. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന മഹത്തായ പാരമ്പര്യമാണ് ഇന്ത്യയുടെത്. ഇത്തരം മഹിതപാരമ്പര്യങ്ങള് എന്തു വിലകൊടുത്തും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

