KSDLIVENEWS

Real news for everyone

ലഖിംപുര്‍ പ്രതിഷേധം ആളിക്കത്തുന്നു: മരണം ഒമ്പതായി; യുപി അതിർത്തി അടച്ചു, അഖിലേഷ് കസ്റ്റഡിയില്‍

SHARE THIS ON

ഖേഡിയിൽ കർഷക സമരത്തിനിടെ ഉണ്ടായ സംഘർഷം ആളിക്കത്തുന്നു. സംഭവത്തിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടർന്ന് പ്രതിഷേധിച്ച എസ്പി നേതാവ് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കർഷകർക്ക് നേരെ കാർ ഓടിച്ച് കയറ്റിയെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനെതിരെ യുപി പോലീസ് കൊലപാതക കേസ് ഫയൽ ചെയ്തിട്ടുണ്ട്. പോലീസ് തയാറാക്കിയ എഫ്ഐആർ പ്രകാരം മന്ത്രിയുടെ മകൻ ഉൾപ്പടെ 14 പേർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.


സംഘർഷം നിലനിൽക്കുന്ന ലഖിംപുർ ഖേഡിയിലേക്കുള്ള യാത്ര പോലീസ് തടഞ്ഞതിനെതിരെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹസർഗഞ്ച് പോലീസാണ് അഖിലേഖിനെ കസ്റ്റഡിയിൽ എടുത്തത്. ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ് പ്രകാരം ലഖിംപുർ ഖേഡിയിലേക്കുള്ള അഖിലേഷിന്റെ യാത്ര തടഞ്ഞ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് എസ്പി ആരോപിച്ചു. ഇതിനിടെ അഖിലേഷ് യാദവിന്റെ വസതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് പ്രതിഷേധക്കാർ തീയിട്ടു.



നേരത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യുപി പോലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയിരുന്നു. ഇത് വകവെക്കാതെ അവർ വീട്ടിൽ നിന്നും പുറത്തിറങ്ങുകയും സംഘർഷബാധിത പ്രദേശത്തേക്ക് തിരിക്കുകയുമായിരുന്നു. തുടർന്നാണ് യു.പി പോലിസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ, ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങൾ സംസ്കരിക്കാതെ കർഷക സംഘടനകൾ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡൽഹിയിലുള്ള യുപി ഭവനിലേക്ക് കർഷക മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ അറിയിച്ചിട്ടുണ്ട്.

സമരക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒൻപത് പേരാണ് ഇതുവരെ മരിച്ചത്. 15 പേർക്ക് പരിക്കേറ്റു. രണ്ടുപേർ സ്ഥലത്തുവെച്ചും രണ്ടുപേർ പിന്നീടും ഒരാൾ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കർഷകനേതാവ് റിച്ചസിങ് പറഞ്ഞിരുന്നു. കർഷകർക്കിടയിലേക്കു ഇടിച്ചു കയറിയ കാറുകൾ കത്തിച്ചതോടെയാണ് നാലുപേർ കൊല്ലപ്പെട്ടത്.




കേന്ദ്രമന്ത്രിയുടെയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെയും സന്ദർശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിർപുർ റോഡിലാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാൽ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു അവർ വന്നിറങ്ങുന്ന ഹെലിപാഡിനുസമീപം കർഷകർ ഒത്തുചേർന്നത്.

രാവിലെ ഒമ്പതുമുതൽ പ്രതിഷേധക്കാർ തമ്പടിച്ചു. എന്നാൽ, മന്ത്രിമാർ ഹെലികോപ്റ്ററിൽ വരാതെ ലഖ്നൗവിൽനിന്നു റോഡുമാർഗമെത്തി. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്ക് കർഷകർ മടങ്ങിപ്പോവാൻ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകൾ റോഡരികിൽ കർഷകർക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാൾ വെടിയുതിർത്തതായും ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!