പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഇന്ധന വിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രത്തെ മാതൃകയാക്കി സംസ്ഥാനത്ത് പെട്രോൾ നികുതി കുറയ്ക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ധന വില വർധനവിൽ കേന്ദ്ര സർക്കാരിനെ പഴി ചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഇനിയും രക്ഷപ്പെടാൻ കഴിയില്ലെന്നും സർക്കാരിന്റെ അടവുകൾ പൊളിഞ്ഞെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നുള്ള വിലക്കുറവ് കേരളത്തിൽ പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 6.07 രൂപയും ഡീസലിന് 12.37 രൂപയുമാണ് കുറഞ്ഞത്. കേന്ദ്രത്തെപ്പോലെ കേരളവും നികുതി കുറയ്ക്കണമെന്നാണ് പ്രതിപക്ഷവും ആവശ്യപ്പെടുന്നത്.
അതേസമയം കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും കോവിഡ് കാരണം സർക്കാരിന് മേലുള്ളത് അധികഭാരമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

