KSDLIVENEWS

Real news for everyone

നഷ്ടമുണ്ടായത് കര്‍ഷകര്‍ക്കാണ്; സര്‍ക്കാരിനെതിരേ വികാരമുണ്ടാവും- രാകേഷ് ടികായത്ത്

SHARE THIS ON

പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. കർഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ ഇവിടെ മുസാഫർനഗർ കലാപത്തിനു ശേഷമുള്ള ബി.ജെ.പി.യുടെ മേൽക്കൈക്ക് ഇളക്കം തട്ടിയിരിക്കുന്നു. കലാപത്തിനുശേഷം ഇരുതട്ടിലായ ജാട്ടുകളും മുസ്ലിങ്ങളും വീണ്ടും ഒന്നിച്ചതോടെ ബി.ജെ.പി.യും എസ്.പി.-ആർ.എൽ.ഡി. മഹാസഖ്യവും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് മിക്കയിടത്തും. ആർക്കും പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കർഷകസംഘടനകൾ മിക്കയിടത്തും അഖിലേഷ് യാദവിന്റെയും ജയന്ത് ചൗധരിയുടെയും മഹാസഖ്യത്തെയാണ് അനുകൂലിക്കുന്നത്. മഹാസഖ്യത്തിന് പിന്തുണ നൽകാൻ കർഷകനേതാക്കളും പറയാതെ പറയുന്നു. ഈ പശ്ചാത്തലത്തിൽ കർഷകനേതാവും ഭാരതീയ കിസാൻ യൂണിയൻ ദേശീയവക്താവുമായ രാകേഷ് ടികായത്ത് മുസാഫർനഗറിലെ സുജ്ലുവിലെ വീട്ടിൽ പ്രതിനിധി പ്രകാശൻ പുതിയേട്ടിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്

കർഷകസമരത്തോടെ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ രാഷ്ട്രീയസ്ഥിതി മാറിയിരിക്കുന്നു. യു.പി. തിരഞ്ഞെടുപ്പിൽ ഭാരതീയ കിസാൻ യൂണിയൻ മഹാസഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടോ

= കർഷക യൂണിയന് രാഷ്ട്രീയമില്ല. സമരം നടത്തിയ കർഷകർക്ക് ആർക്ക് വോട്ടുചെയ്യണമെന്നറിയാം, ഞാനതൊന്നും പറയില്ല.

ടികായത്ത് എസ്.പി.ക്ക് പിന്തുണ നൽകുന്നു എന്നാണല്ലോ ജനസംസാരം

= (ചിരിച്ചുകൊണ്ട്) സമരം ചെയ്തതുകൊണ്ടാണ് ആൾക്കാർ അതു പറയുന്നത്. നമ്മൾക്ക് രാഷ്ട്രീയമൊന്നുമില്ല. ആളുകൾക്ക് എല്ലാമറിയാം. നഷ്ടമുണ്ടായത് കർഷകർക്കാണ്. അതിനാൽ സ്വാഭാവികമായും സർക്കാരിനെതിരേ വികാരമുണ്ടാവും.

അപ്പോൾ മഹാസഖ്യത്തിന് പിന്തുണ നൽകാൻ താങ്കൾ ആഹ്വാനം ചെയ്യില്ല

= ഞങ്ങൾ അങ്ങനെയൊന്നും പറയില്ല. അവരവരുടെ കാർഷികോത്പന്നങ്ങൾ വിൽക്കുന്നവർക്ക് എന്തു ചെയ്യണമെന്നറിയാം.

കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിച്ചല്ലോ. എന്നിട്ടുമെന്താണ് ബി.ജെ.പി. വിരോധം

= സർക്കാർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ടാവാം. കർഷകർക്കായി ഒന്നും ചെയ്തില്ലെങ്കിൽ വിരോധമുണ്ടാവും. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷികോത്പന്ന വിലയിടിവ്. ഇതൊന്നും തീർക്കാൻ സർക്കാർ ഒന്നും ചെയ്തില്ല.

യു.പി. സർക്കാരും ബി.ജെ.പി. നേതാക്കളുമെല്ലാം ഇപ്പോൾ പടിഞ്ഞാറൻ യു.പി.യിലാണല്ലോ

= തിരഞ്ഞെടുപ്പല്ലേ. അവർ എല്ലായിടത്തും പോവും.

കർഷകസമരത്തിന്റെ ഫലമല്ലേ

= അതും കാരണമാണ്. കർഷകസമരത്തിന്റെ തുടക്കം മുസാഫർനഗറിൽനിന്നാണല്ലോ. 2013-ലെ കലാപവും ഇവിടെനിന്നുതന്നെയാണ്. കലാപംകാരണം ഭാരതസർക്കാരിന് ഗുണമുണ്ടായി. അതു ആവർത്തിക്കാനാണ് നോക്കുന്നത്. ഹിന്ദു, മുസ്ലിം, ജിന്ന വിവാദങ്ങൾ അതിനാലാണുണ്ടാക്കുന്നത്. ജനങ്ങൾ അതിൽനിന്ന് അകന്നുനിൽക്കുകയാണ്.

കുറഞ്ഞ തറവില ഇനിയും ആയില്ലല്ലോ

= തറവിലയുടെ കാര്യത്തിൽ നിയമമുണ്ടാക്കണം. ഇതിനായി സമിതിയുണ്ടാക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ അതുണ്ടാക്കിയിട്ടില്ല. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഇതിനെതിരേ സർക്കാർസ്ഥാപനങ്ങൾക്കുമുന്നിൽ സമരം നടന്നു.

ലഖിംപുർ പ്രശ്നം ഏതുവരെയായി

= ഈ പ്രശ്നം ഇപ്പോഴുമുണ്ട്. കേന്ദ്രമന്ത്രി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ എവിടെയെങ്കിലും കർഷകപ്രശ്നം പരാമർശിക്കപ്പെട്ടാൽ സർക്കാരിന്റെ മുന്നിൽ ആ വിഷയം തീർച്ചയായും ഉന്നയിക്കപ്പെടും. നാശനഷ്ടത്തിന്റെ പ്രശ്നവും ബാക്കിയാണ്. നഷ്ടപരിഹാരം കൊടുക്കാൻ തുടങ്ങിയിട്ടില്ല.

ബി.ജെ.പി.യും മഹാസഖ്യവും കർഷകവോട്ട് തങ്ങൾക്ക് കിട്ടുമെന്നാണല്ലോ അവകാശപ്പെടുന്നത്

= ഡൽഹിയിൽ കർഷകസമരം നടന്നു. എല്ലാ കർഷകരുടെയും പേരിലാണത്. രാഷ്ട്രീയപ്പാർട്ടികൾക്ക് മുഖ്യം കർഷകരുടെ വോട്ടാണ്. വോട്ടിന്റെ കാര്യംവരുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം കർഷകന്റെ പേരുപറയും. സമരംകൊണ്ട് ഈ ഗുണമുണ്ടായി. രാഷ്ട്രീയപ്പാർട്ടികൾ കർഷകരുടെ പേരു പറയട്ടെ.

അപ്പോൾ കർഷകസമരം തുടരുമോ

= സർക്കാരിനെതിരേ കർഷകർ സമരം തുടരും. സർക്കാർ കർഷകരെ വഞ്ചിച്ചു. അതിനാൽ സമരം തുടരും. പാർട്ടികളുമായി അതിനു ബന്ധമൊന്നുമുണ്ടാവില്ല. കർഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സർക്കാരിനുമുന്നിൽ വെക്കും.

അഖിലേഷ് പറയുന്നത് എല്ലാ കർഷകരും അദ്ദേഹത്തിനൊപ്പമാണെന്നാണല്ലോ

= സർക്കാരിനെതിരേയുള്ള കർഷകർ അഖിലേഷിന്റെ കൂടെ പോകും. അദ്ദേഹം കർഷകരുടെ കാര്യമാണ് പറയുന്നത്.

അപ്പോൾ അതു താങ്കളായി പറയില്ല

= (ചിരിച്ചുകൊണ്ട്) എന്റെ വായിൽനിന്നത് വീഴില്ല. എന്നാൽ, സർക്കാരിനെതിരേയുള്ള വോട്ട് അഖിലേഷ് കൊണ്ടുപോവും. സർക്കാരിനോട് പിണക്കമാണെങ്കിൽ വോട്ട് എതിരാവും. സർക്കാരിന് അനുകൂലമാണെങ്കിൽ അവർക്ക് കിട്ടും.

ഏതെങ്കിലും രാഷ്ട്രീയനേതാക്കൾ സമീപിച്ചിട്ടുണ്ടോ

= വന്നിട്ടുണ്ട്. ബി.ജെ.പി.യും എസ്.പി.യും കോൺഗ്രസും ഉൾപ്പെടെ എല്ലാവരും വന്നിട്ടുണ്ട്.

കോവിഡ് സമയത്ത് കർഷകരുടെ അവസ്ഥയെന്തായിരുന്നു

= കോവിഡ് കാലത്ത് കർഷകർക്ക് വലിയനഷ്ടമാണ് സംഭവിച്ചത്. ഗ്രാമീണരുടെ മരണമുണ്ടായി. അതവർക്ക് മറക്കാനാവില്ല. യു.പി. സർക്കാരിന്റെ മാത്രമല്ല, ഒരു സർക്കാരിന്റെയും പിന്തുണ കർഷകർക്ക് ഉണ്ടായിരുന്നില്ല. ആശുപത്രികളിലും സഹായം കിട്ടിയില്ല.

വേറെ എന്തൊക്കെയാണ് കർഷക ആവശ്യങ്ങൾ

= പച്ചക്കറികൾക്കും പാലിനും മറ്റു അവശ്യവസ്തുക്കൾക്കും കൃത്യമായ വില ലഭിക്കണം. ഭൂമിയില്ലാത്ത തൊഴിലാളികൾക്ക് ജോലി ലഭിക്കണം. ഇതു വലിയപ്രശ്നമാണ്. വിദ്യാഭ്യാസ നിലവാരം താഴുന്നു. അതു തിരിച്ചുകൊണ്ടുവരണം. ആരോഗ്യരംഗം തകർന്നിരിക്കുന്നു. അതു നന്നാക്കണം. ജനങ്ങൾക്ക് ആരോഗ്യസംവിധാനങ്ങൾ ഒരുക്കണം. ഇതാണ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, കാർഷികോത്പന്ന വില എന്നിവയാണ് ഉത്തർപ്രദേശിലെ പ്രധാനപ്രശ്നങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!