KSDLIVENEWS

Real news for everyone

എന്നും കരച്ചില്‍, സിസിടിവിയില്‍ കുടുങ്ങി; കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച യുവതി പിടിയില്‍

SHARE THIS ON

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ച യുവതി കസ്റ്റഡിയിൽ. കുഞ്ഞുങ്ങളെ പരിചരിക്കാനായി വന്ന സൂറത്ത് സ്വദേശിയായ കോമൾ ചന്ദ്ലേക്കറിനെയാണ് സൂറത്ത് രന്ദേർ പോലീസ് കസ്റ്റഡിയിലെടുത്തത്. മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സൂറത്തിലെ രന്ദേർ പാലൻപുരിൽ താമസിക്കുന്ന മിതേഷ് പട്ടേലിന്റെ കുഞ്ഞിനെയാണ് യുവതി നിരന്തരം മർദിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മിതേഷും ഭാര്യയും ജോലിക്കാരായതിനാലാണ് ഇവരുടെ കുഞ്ഞുങ്ങളെ പരിചരിക്കാനായി കോമളിനെ വീട്ടിൽ നിർത്തിയത്. അടുത്തിടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് പതിവായി കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് അയൽക്കാർ പറഞ്ഞിരുന്നു. ഇതോടെ കോമളിനെ സംശയിച്ച ദമ്പതിമാർ ഇവരറിയാതെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മർദിക്കുന്നത് കണ്ടെത്തിയത്.


കുഞ്ഞിന്റെ തലയിൽ അടിക്കുന്നതിന്റെയും മുടി പിടിച്ച് തിരിക്കുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഇതോടെ മിതേഷ് പട്ടേൽ പോലീസിൽ പരാതി നൽകുകയും യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മൂന്ന് മാസം മുമ്പാണ് കോമൾ ജോലിക്കായി എത്തിയതെന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശിയായ കലാബൻ പട്ടേലും പറഞ്ഞു. ആദ്യനാളുകളിൽ യുവതി കുഞ്ഞുങ്ങളെ നന്നായി പരിചരിച്ചിരുന്നു. എന്നാൽ അടുത്തിടെയായി കുഞ്ഞുങ്ങൾ വല്ലാതെ കരയാറുണ്ടെന്ന് അയൽക്കാർ പറഞ്ഞു. ഇതോടെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെന്നും ഇവർ പ്രതികരിച്ചു.


വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസും അറിയിച്ചു. അഞ്ച് വർഷം മുമ്പ് വിവാഹിതയായ യുവതിക്ക് കുട്ടികളില്ലെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!