KSDLIVENEWS

Real news for everyone

മന്ത്രിക്ക് ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവും; രാജിവയ്ക്കണം

SHARE THIS ON

തിരുവനന്തപുരം∙ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ല, രാജിവയ്ക്കണം. രാഷ്ട്രീയ വിഷയം മാറ്റാന്‍ ഭരണഘടനയെ തിരഞ്ഞെടുത്തത് മോശമായെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.

‘ഭരണഘടനയോടെ കൂറു കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ഒരു മന്ത്രി ഒരടിസ്ഥാനവുമില്ലാതെ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഡോ. അംബേദ്കർ അടക്കമുള്ള ഭരണഘടനാ ശിൽപികളെ അപമാനിച്ചിരിക്കുകയാണ്. ബ്രിട്ടിഷുകാർ എഴുതിക്കൊടുത്തൊരു ഭരണഘടനയാണ് ഇന്ത്യക്കാർ ഏറ്റെഴുതിയതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.


ഡോ. അംബേദ്കറിന്റെയും ഡോ. രാജേന്ദ്ര പ്രസാദിന്റെയും നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതശ്രേഷ്ഠരായ ആളുകൾ മാസങ്ങളോളം ചർച്ച ചെയ്ത് രൂപപ്പെടുത്തിയ ഭരണഘടനയേയും ഭരണഘടനാ ശിൽപികളെയും സജി ചെറിയാൻ അപകീർത്തിപ്പെടുത്തി. മാത്രമല്ല മതേതരത്വം ജനാധിപത്യം എന്നീ വാക്കുകളെ അദ്ദേഹം അവഹേളിച്ചു. ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യൻ ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും തൊഴിലാളിവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എവിടുന്നു കിട്ടി അദ്ദേഹത്തിന് ഈ വിവരങ്ങൾ. അദ്ദേഹം ഭരണഘടന വായിച്ചു നോക്കിയിട്ടുണ്ടോ? ഇന്ത്യൻ ഭരണഘടനയുടെ മഹത്വം എന്താണെന്നും എത്ര പവിത്രതയാണ് അതിന് കൽപിക്കുന്നതെന്നും അദ്ദേഹത്തിന് അറിയാമോ?’–സതീശൻ ചോദിച്ചു.

ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ സജി ചെറിയാന് യോഗ്യത‌യില്ലെന്നും സതീശൻ ആരോപിച്ചു. സജി ചെറിയാൻ രാജിവയ്ക്കണം. രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുറത്താക്കിയില്ലെങ്കിൽ പ്രതിപക്ഷം നിയമപരമായി മറ്റു വഴികൾ തേടുമെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!