KSDLIVENEWS

Real news for everyone

കർണാടക അതിർത്തിയിലെ പുതിയ നിയന്ത്രണങ്ങൾ കേന്ദ്ര നിർദ്ദേശങ്ങൾക്ക്‌ വിരുദ്ധം: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം > അന്തർ സംസ്ഥാന യാത്രകൾ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് അതിർത്തിയിൽ കര്‍ണാടക ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടില്ല. കര്‍ണാടക സര്‍ക്കാറിന്റെ നടപടികളിൽ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന്‌ രണ്ടു സംസ്ഥാനങ്ങളിലെയും പൊലീസ്‌ മേധാവിമാർ തമ്മിൽ നടത്തിയ ചർച്ചയിൽ കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കര്‍ണാടക ഡിജിപി അറിയിച്ചിട്ടുണ്ടെന്നും എ കെ എം അഷറഫ്‌ എംഎൽഎയുടെ സബ്‌ മിഷന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 2 മുതല്‍ തലപ്പാടിയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന ആരംഭിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ മൂലം ചികിത്സയ്ക്കായി പോകുന്നവർക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്‌.

കാസര്‍ഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയിവരുന്നവർക്ക്‌ മുന്‍ഗണന നല്‍കി ആർടിപിസിആർ പരിശോധന നടത്തുന്നതിന് അതിര്‍ത്തിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസ് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ആർടിപിസിആർ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അതിനുള്ള അനുമതിയും നല്‍കും. യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നവരുടെ സംശയ ദൂരീകരണത്തിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പോലീസിനെയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!