കരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയ നാടിന് മനം നിറയ്ക്കുന്നൊരു സമ്മാനവുമായി മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും

മലപ്പുറം : തകര്‍ന്നുവീണ വിമാനത്തിനടുത്തേക്ക് രക്ഷാകരംനീട്ടി ഓടി എത്തിയവരെ അവര്‍ മറന്നില്ല. കോവിഡിന്റെ ഭീതിയില്ലാതെ അന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാടിന്റെ മനം നിറയ്ക്കുന്നൊരു സമ്മാനം.കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ചേര്‍ന്ന്, ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ 7ന് സമ്മാനം പ്രഖ്യാപിക്കും.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഉള്‍പ്പെടുന്ന കൂട്ടായ്മ, വിമാനത്താവളത്തിനടുത്ത് ചിറയില്‍ ചുങ്കം പിഎച്ച്സിക്കു പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കും. 2020 ഓഗ്സ്റ്റ് 7ന് ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പെട്ടത്. ക്രൂ ഉള്‍പ്പെടെ 190 യാത്രക്കാരുണ്ടായിരുന്നു. പൈലറ്റും കോ പൈലറ്റുമുള്‍പ്പെടെ 21 പേര് മരിച്ചു.
നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം പരക്കെ പ്രശംസ പിടിച്ചു പറ്റി. വിമാനത്തിലുണ്ടായിരുന്ന 190 പേരില്‍ 188 പേര്‍ക്ക് ഇതിനകം നഷ്ടപരിഹാരം ലഭിച്ചു. സാങ്കേതിക കാരണങ്ങളാലാണ് രണ്ടു പേരുടെ നഷ്ടപരിഹാരം വൈകുന്നത്. 12 ലക്ഷം മുതല്‍ 7.2 കോടി രൂപവരെയാണു നഷ്ടപരിഹാരം ലഭിച്ചത്. രണ്ടു വര്‍ഷത്തിനകം എല്ലാവര്ക്കും നഷ്ടപരിഹാരം ലഭിക്കുന്നത് വിമാന ദുരന്തങ്ങളില്‍ അപൂര്‍വമാണ്.
ദുരന്തത്തിന്റെ ഇരകളും മലബാര്‍ ഡവലപ്മെന്റ് ഫോറമെന്ന (എംഡിഎഫ്) സന്നദ്ധ സംഘടനയും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ നടപടി വേഗത്തിലാക്കാന്‍ സഹായിച്ചു.
കരിപ്പൂര്‍ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ആലോചനയിലാണ്, അപകട സ്ഥലത്തുനിന്നു 300 മീറ്റര്‍ മാത്രം അകലെയുള്ള ചിറയില്‍ ചുങ്കം പിഎച്ച്സിക്കു കെട്ടിടം നിര്‍മിക്കുക എന്ന തീരുമാനത്തിലെത്തിയത്.

