KSDLIVENEWS

Real news for everyone

ഇർഷാദ് ഒളിവിലിരുന്നത് വൈത്തിരിയിൽ: മുറിയെടുത്തത് സുഹൃത്ത്; ഉത്തരംകിട്ടാതെ 60 ലക്ഷത്തിന്‍റെ സ്വർണ്ണം

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദ് താമസിച്ചത് വയനാട് വൈത്തിരിയിൽ ലോഡ്ജിലായിരുന്നുവെന്ന് റിപ്പോർട്ട്. ജൂൺ രണ്ടിന് ഇർഷാദിന്റെ സുഹൃത്ത് ഷെമീർ ലോഡ്ജിൽ റൂം എടുത്തതായി ലോഡ്ജ് ഉടമ വ്യക്തമാക്കി. ജൂലൈ നാലിനാണ് സംഘം ഇർഷാദിനെ ലോഡ്ജിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും ലോഡ്ജ് ഉടമ വെളിപ്പെടുത്തി. ചികിത്സയ്ക്കെന്ന് പറഞ്ഞാണ് ഇർഷാദും ഷമീറും റൂം എടുത്തത്. പോലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി.


ഷമീർ റൂം എടുത്തത് ജൂൺ രണ്ടിനായിരുന്നു. ഇർഷാദിനെ ലോഡ്ജിലെത്തിച്ചത് ജൂൺ 16-നും. കാറിലെത്തിയ സംഘം ജൂലൈ നാലിന് ഉച്ചയ്ക്ക് ഇർഷാദിനെ കൂട്ടിക്കൊണ്ട് പോയതായാണ് വിവരം. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹമാണ് ഡി.എൻ.എ. പരിശോധനയിൽ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.


പുഴയിൽ നീന്തുക എന്നത് ഇർഷാദിനെ സംബന്ധിച്ച് അത്ര പ്രയാസകരമായ കാര്യമല്ല എന്നാണ് വീട്ടുകാർ പറയുന്നത്. ചെറുപ്പം മുതൽക്കെ മണലെടുക്കാൻ പോകുന്നവരെ സഹായിക്കാൻ പോയിരുന്നതു കൊണ്ട് നീന്തലില്‍ നല്ല പരിചയമുണ്ട്. ഒന്നുകിൽ നീന്തിക്കയറാൻ പറ്റാത്ത രീതിയിലുള്ള എന്തെങ്കിലും കഴിപ്പിക്കുകയോ മർദ്ദിച്ചതോ ആകാമെന്നാണ് നിഗമനം. അല്ലെങ്കിൽ രക്ഷപ്പെട്ട് പുഴ നീന്തിക്കടക്കാം എന്ന ആത്മവിശ്വാസത്തിൽ ചെയ്തതാകാം, തെറ്റിദ്ധരിപ്പിച്ച് പാലത്തിലെത്തിച്ച് കൊല്ലാനുള്ള ഉദ്ദേശത്തോടെവാഹനത്തിൽ നിന്ന് ഇറക്കിയതാണോ എന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്.

മേയ് 13-നാണ് ഇര്‍ഷാദ് ദുബായില്‍നിന്ന് നാട്ടിലേക്കെത്തിയത്. 23-ന് വീട്ടില്‍നിന്ന് ജോലിക്കെന്നു പറഞ്ഞ് വയനാട്ടിലേക്കുപോയി. ജൂലായ് മാസം എട്ടിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വര്‍ണം തിരികെനല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി.

സൂപ്പിക്കട സ്വദേശി ഷെമീറുള്‍പ്പടെ മൂന്നുപേര്‍ക്കാണ് സ്വര്‍ണം കൈമാറിയതെന്നായിരുന്നു മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചികിത്സാര്‍ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സുഹൃത്തുക്കളെയും മുഹമ്മദ് സാലിഹുമായി ബന്ധമുള്ളവരെയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്.

ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ നാല് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീല്‍ (26), പൊഴുതന സ്വദേശി സജീര്‍ (27) പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തില്‍ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പോലീസ് കണ്ടെത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!