KSDLIVENEWS

Real news for everyone

ബോവിക്കാനം ടൗൺ-അമ്മങ്കോട് ഭജനമന്ദിരം-മല്ലം റോഡ് യത്ര ചെയ്യാനാകാതെ ദുഷ്ക്കരമായി

SHARE THIS ON

മല്ലം ദുർഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് ബോവിക്കാനം ടൗണിൽനിന്ന് എളുപ്പത്തിലെത്താവുന്ന പാതയുടെ ഇന്നത്തെ അവസ്ഥ അധികൃതർ കാണണം. മറുനാട്ടിൽനിന്ന് ഉൾപ്പെടെ പ്രതിദിനമെത്തുന്ന നിരവധി തീർഥാടകർ ആശ്രയിക്കുന്ന റോഡിൽ കാൽനടയാത്രപോലും ദുസ്സഹമായിരിക്കുന്നു.

മല്ലം ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കൊപ്പം നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന ബോവിക്കാനം ടൗൺ-അമ്മങ്കോട് ഭജന മന്ദിരം-മല്ലം റോഡിലെ യാത്രയാണ് ദുരിതമാകുന്നത്. ബോവിക്കാനം ടൗണിൽനിന്ന് മല്ലം ദുർഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് ഇതുവഴി രണ്ട് കിലോമീറ്ററിൽ താഴെ മാത്രമാണുള്ളത്. റോഡ് പൂർണമായും തകർന്നതോടെ എട്ടാംമൈൽ-വീട്ടിയടുക്കം വഴി നാലുകിലോമീറ്ററോളം ചുറ്റിസഞ്ചരിച്ചാണ് തീർഥാടകർ ഇപ്പോൾ ക്ഷേത്രത്തിലെത്തുന്നത്.

റോഡ് തകർന്നതിനാൽ ഓട്ടോറിക്ഷകളും ഇതുവഴി ഓട്ടത്തിന് മടിക്കുന്നു. ചെളി കെട്ടിക്കിടക്കുന്ന റോഡിൽ ഇരുചക്രവാഹന യാത്രികർ തെന്നിവീഴുന്നതും പതിവുകാഴ്ചയാണ്‌. ബോവിക്കാനം ടൗണിൽനിന്ന് കൃഷിഭവന്റെ സമീപത്തുകൂടിയുള്ള റോഡിൽ കിലോമീറ്ററോളം സഞ്ചരിച്ചാൽ എട്ടാംമൈൽ മല്ലം റോഡിലെ അമ്മങ്കോട് ജങ്ഷനിലെത്തും. കൃഷിഭവനുസമീപത്തും അമ്മങ്കോട് ഭജനമന്ദിരം കഴിഞ്ഞുള്ള കുറച്ചുഭാഗത്തും മാത്രമാണ് ടാർചെയ്യാൻ ബാക്കിയുള്ളത്. റോഡിന്റെ തുടക്കത്തിൽ ബോവിക്കാനം ടൗൺ വികസനത്തിനായി അഞ്ചുവർഷം മുമ്പ് ഇളക്കിമാറ്റിയിരുന്ന ഭാഗത്തും ടാർ ചെയ്തിട്ടില്ല. ടാർ ചെയ്യാത്ത ഭാഗത്താണ് റോഡ് തകർന്ന് കിടക്കുന്നത്.

റോഡാക്കാൻ സഹായം വേണം

: ബോവിക്കാനം ടൗണിൽനിന്ന് മല്ലം ക്ഷേത്രത്തിലേക്ക് എളുപ്പത്തിലെത്താവുന്ന പ്രധാന പാതയാണിത്. പഞ്ചായത്തിന്റെ പരിമിതമായ ഫണ്ടുപയോഗിച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ കഴിയില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവന് സമീപം 100 മീറ്ററോളം ഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്നതിന് മൂന്നുലക്ഷവും റോഡിന്റെ തുടക്കത്തിൽ റീ ടാർ ചെയ്യുന്നതിന് രണ്ടരലക്ഷവും പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക്-ജില്ലാപഞ്ചായത്തും എം.എൽ.എ. ഉൾപ്പെടെയുള്ളവരുടെ ആസ്തിവികസന നിധിയിൽ നിന്നുള്ള സഹായത്തോടെയും ബോവിക്കാനം ടൗണിൽനിന്ന് മല്ലം ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയായി മാറ്റാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!