KSDLIVENEWS

Real news for everyone

എയിംസ്: ചരിത്ര തീരുമാനം കാത്ത് കേരളം; മുഖ്യമന്ത്രിയുടെ മനസ്സ് കൊരട്ടിക്കൊപ്പമോ? പ്രതീക്ഷയോടെ കോട്ടയവും കാസർകോടും

SHARE THIS ON

കൊരട്ടി/തൃശൂർ: മുഖ്യമന്ത്രിയുടെ ഒരൊറ്റ ഒപ്പുണ്ടെങ്കിൽ കൊരട്ടിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കാനുള്ള വഴി കൂടുതൽ സുഗമമാകും. കൊരട്ടിയോടു മുഖ്യമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും ഇവിടെ എയിംസ് വരുന്നതിന് അദ്ദേഹം ശുപാർശ ചെയ്യുമെന്നും നാട് പ്രതീക്ഷിക്കുന്നു. കേരളത്തിലെ 3 സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി, ആരോഗ്യമന്ത്രി കെ.മുരളീധരൻ തയാറാക്കിയ എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ അന്തിമ സാധ്യതാ പട്ടിക മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഈ പട്ടികയിൽ കൊരട്ടി ഇടം പിടിച്ചതോടെ ആവേശത്തിലും സന്തോഷത്തിലുമാണ് കൊരട്ടിയും തൃശൂർ ജില്ലയും.

മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ കേരളത്തിന്റെ അന്തിമപട്ടിക കേന്ദ്രസർക്കാരിനു സമർപ്പിക്കും. അതിൽ കൊരട്ടി കൂടാതെ കോട്ടയം ജില്ലയിലെ വൈക്കവും കാസർകോട് ജില്ലയിലെ ഒരു സ്ഥലവും ഉണ്ടെന്നാണു സൂചന. എന്നാൽ ആ സ്ഥലങ്ങളെക്കാൾ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊരട്ടിക്കു മുൻഗണന ലഭിക്കാൻ കാരണമാണ്. ഇവിടെ എയിംസ് സ്ഥാപിക്കുന്നതിന് അനുകൂലമായ എല്ലാ ഘടകങ്ങളുമുണ്ടെന്നും ഇവിടെ തന്നെ സ്ഥാപിക്കണമെന്നും എല്ലാ രാഷ്ട്രീയകക്ഷികളും പ്രദേശത്തെ സംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് തൃശൂരിൽ സ്ഥാപിക്കണമെന്നു നിർദേശിച്ചെങ്കിലും അവിടെ സ്ഥലം ലഭ്യമാക്കാനുള്ള നിർദേശങ്ങളോ നടപടികളോ ഉണ്ടായില്ല. കൊരട്ടിയിൽ സ്ഥലലഭ്യതയാണ് ഏറ്റവും അനുകൂലഘടകം. കൂടാതെ പുഴയുടെ സാന്നിധ്യവും എയർപോർട്ട്, ദേശീയപാത, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സാമീപ്യവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വൈദ്യുതി ലഭിക്കാനുള്ള എളുപ്പവും ഗുണമാണ്. കേരളത്തിന്റെ മധ്യഭാഗത്തായതിനാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ഒട്ടാകെ കൂടുതൽ പ്രയോജനപ്പെടാവുന്ന കേന്ദ്രമാണിത്. റോഡ്, റെയിൽ, ആകാശ യാത്രാമാർഗങ്ങൾ വഴി സുഗമമായെത്താമെന്നതും കേന്ദ്രസർക്കാരിന്റെ മാർഗരേഖയിലെ മൾട്ടിപ്പിൾ കണക്ടിവിറ്റി എന്ന നിർദേശം സാധൂകരിക്കുന്നതാണ്.

തൃശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിലെ നെല്ലുവായ് വില്ലേജിൽ എയിംസ് സ്ഥാപിക്കാനായി പദ്ധതിനിർദേശം ഉയർന്നെങ്കിലും അവിടെ നടത്തിയ പരിശോധനയിൽ നിർദേശിക്കപ്പെട്ട 164 ഏക്കറോളം ഭൂമി വനഭൂമിയാണെന്നു കണ്ടെത്തി. നീർച്ചാലുകളുടെ സാന്നിധ്യവും കുന്നുകളുമുള്ളതിനാൽ ഭൂമിയുടെ ചെങ്കുത്തായ ഘടനയും എയിംസ് സ്ഥാപിക്കാൻ അനുയോജ്യമല്ലെന്നു കലക്ടർ റിപ്പോർട്ട് നൽകുകയും ചെയ്തു. ജില്ലയിലെ തന്നെ ചാലക്കുടി താലൂക്കിലെ വരന്തരപ്പിള്ളി വില്ലേജിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള 200 ഏക്കർ ഭൂമിയും എയിംസ് സ്ഥാപിക്കാനായി നിർദേശിക്കപ്പെട്ടെങ്കിലും വനംവകുപ്പ് പാട്ടത്തിനു നൽകിയ ഭൂമിയായതിനാലും ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്ത കാരണവും എയിംസിന് ഉപയോഗിക്കാൻ തടസ്സങ്ങളുണ്ടെന്നും കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തൃശൂരിൽ നിന്നുള്ള ഈ രണ്ടു ശുപാർശകളും കലക്ടർ അനുയോജ്യമല്ലെന്നു റിപ്പോർട്ട് നൽകിയതോടെ കൊരട്ടിക്കു സാധ്യത കൂടി.

എയിംസ് തൃശൂരോ കോട്ടയത്തോ? അന്തിമ പട്ടിക മുഖ്യമന്ത്രിയുടെ പരിഗണനയിൽ; കാസർകോടിനായി സർക്കാരിൽ സമ്മർദം
കൊരട്ടി ∙ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കാനായി കേന്ദ്ര സർക്കാരിനു സംസ്ഥാനം സമർപ്പിക്കുന്ന അന്തിമപട്ടിക മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി ആരോഗ്യ വകുപ്പ് സമർപ്പിച്ചു. ആരോഗ്യവകുപ്പ് ആദ്യം തയാറാക്കിയ അന്തിമപട്ടികയിൽ തൃശൂരിലെ കൊരട്ടിയും കോട്ടയത്തെ വൈക്കവുമാണ് ഉണ്ടായിരുന്നത്. എന്നാൽ പട്ടികയിൽ കാസർകോട് ജില്ലയിലെ ഏതെങ്കിലും ഒരു കേന്ദ്രം കൂടി ഉൾപ്പെടുത്താനായി സർക്കാരിൽ സമ്മർദമുണ്ട്. 10 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്ന കരടുപട്ടികയിൽ കാസർകോട് ജില്ലയിലെ 2 സ്ഥലങ്ങൾ ഉണ്ടായിരുന്നു.

ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം കലക്ടർ ശിഖാ സുരേന്ദ്രൻ കൊരട്ടിയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ കുടുംബക്ഷേമ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു സമർപ്പിച്ച റിപ്പോർട്ടിൽ ഏറ്റെടുക്കാവുന്ന സ്ഥലങ്ങളുടെ സർവേ നമ്പർ തിരിച്ചുള്ള പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ഗവ. ത്വക്‌രോഗാശുപത്രി വളപ്പ്, പൂട്ടിപ്പോയ വൈഗൈ ത്രെഡ്സ് കമ്പനി വളപ്പ്, ഗവ. ഓഫ് ഇന്ത്യ പ്രസ് വളപ്പ് എന്നിവിടങ്ങളിൽ നിന്നായി 233 ഏക്കർ (90.1619 ഹെക്ടർ) ഭൂമി എയിംസ് സ്ഥാപിക്കാനായി ഏറ്റെടുക്കാനാകുമെന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ ഭൂമിയും സർക്കാർ ഉടമസ്ഥതയിലായതിനാൽ വകുപ്പുകളുടെ ഏകീകരണമുണ്ടെങ്കിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലെ സാങ്കേതികക്കുരുക്കൾ കുറവായിരിക്കും. തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ഗവ. ത്വക്‌രോഗാശുപത്രി ഭൂമിയിൽ നിന്നു 100 ഏക്കർ ഏറ്റെടുക്കുകയാണെങ്കിൽ ആവശ്യമെങ്കിൽ തൊട്ടുചേർന്നുള്ള 100 ഏക്കറോളം ഭൂമി വിലയ്ക്കെടുക്കാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുന്നംകുളം താലൂക്കിലെ നെല്ലുവായ് വില്ലേജിൽ എയിംസ് സ്ഥാപിക്കാനായി ആദ്യം നിർദേശമുയർന്നെങ്കിലും അവിടെ നടത്തിയ പരിശോധനയിൽ 164 ഏക്കറോളം ഭൂമി വനഭൂമിയാണെന്നു കണ്ടെത്തി. നീർച്ചാലുകളുടെ സാന്നിധ്യവും ഭൂമിയുടെ ചെങ്കുത്തായ ഘടനയും എയിംസ് സ്ഥാപിക്കാൻ അനുയോജ്യമല്ല. ജില്ലയിലെ തന്നെ വരന്തരപ്പിള്ളി താലൂക്കിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള 200 ഏക്കർ ഭൂമിയും നിർദേശിക്കപ്പെട്ടെങ്കിലും വനംവകുപ്പ് പാട്ടത്തിനു നൽകിയതായതിനാൽ ഉപയോഗിക്കാൻ തടസ്സങ്ങളുണ്ട്.

എയിംസ് യാഥാർഥ്യമായാൽ തൃശൂർ, എറണാകുളം ജില്ലകളുടെ സമഗ്ര വികസനത്തിനു വഴി തുറക്കും. ആരോഗ്യരംഗത്തിനു മാത്രമല്ല, അനുബന്ധ വികസനങ്ങളിൽ വൻ കുതിപ്പുണ്ടാകും. കൊരട്ടിയും വൈക്കവും ഉൾപെടെ കേന്ദ്രങ്ങളാണു അന്തിമപട്ടികയിലുള്ളതെന്നു നേരത്തെ മന്ത്രി കെ.മുരളീധരൻ സൂചന നൽകിയിരുന്നു. എയിംസ് സ്ഥാപിക്കാനാവശ്യമായ ഭൂമി കൊരട്ടിയിലുണ്ടെന്നതാണു പ്രധാനമായ അനുകൂലഘടകമെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. കേരളത്തിന്റെ മധ്യഭാഗം എന്ന നിലയിലും യാത്രാ സൗകര്യങ്ങളും ശുദ്ധജലവും അടക്കമുള്ളവയുടെ കാര്യത്തിനും കൊരട്ടി അനുയോജ്യമാണ്.

error: Content is protected !!