KSDLIVENEWS

Real news for everyone

തോൽവിക്ക് കാരണം യുദ്ധമെന്ന് വാൻസ്, അമേരിക്കക്കാർ യുദ്ധത്തോട് ‘നോ’ പറഞ്ഞുവെന്ന് ഇറാൻ

SHARE THIS ON

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഉപരിസഭയായ സെനറ്റും അധോസഭയായ ജനപ്രതിനിധിസഭയും പിടിച്ചെടുത്ത് കോൺഗ്രസിന്റെ സമ്പൂർണനിയന്ത്രണം ഡെമൊക്രാറ്റുകൾ സ്വന്തമാക്കിയതിന് പിന്നാലെ തോൽവിക്ക് കാരണം യുദ്ധമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്കക്കാർ യുദ്ധത്തോട് ‘നോ’ പറഞ്ഞുവെന്ന് ഇറാനും അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് ജെ.ഡി വാൻസ് അഭിപ്രായപ്പെട്ടു. “നമ്മൾ തോറ്റതിനു കാരണം യുദ്ധമാണ്” എന്ന് വാൻസ് എക്സിൽ കുറിച്ചു. ജീവിതച്ചെലവിലെ വർധനയും ഇറാനുമായുള്ള യുദ്ധവും തിരിച്ചടിയായെന്ന് പൊതുവിലയിരുത്തലുണ്ട്.

അതേസമയം അമേരിക്കൻ ജനത യുദ്ധത്തിനെതിരായ നിലപാടാണ് തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കിയതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. അമേരിക്ക ഇറാനോടുള്ള നയം മയപ്പെടുത്തണമെന്നാണ് കരുതരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി ജനങ്ങളോട് പറഞ്ഞു.

പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണനയങ്ങൾക്കും ഇറാൻ യുദ്ധത്തിനും വിലക്കയറ്റത്തിനുമെതിരായ ജനരോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഉപരിസഭയായ സെനറ്റും അധോസഭയായ ജനപ്രതിനിധിസഭയും പിടിച്ചെടുത്ത് കോൺഗ്രസിന്റെ സമ്പൂർണനിയന്ത്രണം ഡെമൊക്രാറ്റുകൾ സ്വന്തമാക്കി.

100 അംഗ സെനറ്റിൽ 35 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പുറത്തുവന്ന ഫലപ്രകാരം ഡെമൊക്രാറ്റുകളുടെ സീറ്റ് 54 ആയി ഉയരും. ഏഴു സീറ്റുകളുടെ വർധന. റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗബലം ഏഴു സീറ്റ് കുറഞ്ഞ് 44 ആയി. ചില സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകാത്തതിനാൽ അന്തിമകണക്കിൽ മാറ്റമുണ്ടാകാം.

അലാസ്കയിലും മിസിസിപ്പിയിലും സെനറ്റ് തിരഞ്ഞെടുപ്പു ഫലം ഇനിയും നിർണയിക്കപ്പെട്ടിട്ടില്ല. 435 അംഗങ്ങളുള്ള ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റു മറികടന്ന് ഡെമൊക്രാറ്റുകൾ 228 സീറ്റുനേടി. നിലവിലുള്ളതിനെക്കാൾ 25 സീറ്റ് അധികം. റിപ്പബ്ലിക്കൻ പാർട്ടിയുടേത് 218-ൽ നിന്ന് 139 ആയി. 367 സീറ്റുകളിലെ ഫലമാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!