KSDLIVENEWS

Real news for everyone

ട്രംപ് അധികകാലം ലോകത്തുണ്ടാവില്ല: എന്തിന് കൊല്ലാതിരിക്കണം; ടെഹ്റാനിൽ പ്രതികാരത്തിന്റെ മുറവിളി

SHARE THIS ON

ടെഹ്റാൻ: നാല് ദശകത്തോളം ഇറാൻ ഭരണം കൈയാളിയിരുന്ന ആയത്തുള്ള അലി ഖമനേയിയ്ക്ക് അന്ത്യോപചാരമർപ്പിച്ച് ടെഹ്റാനിലെത്തുന്നത് പതിനായിരങ്ങൾ. കറുപ്പണിഞ്ഞ് ഇറാൻ പതാക പുതച്ചെത്തിയ ജനക്കൂട്ടം ഖമനേയിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് കണ്ണീരണിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

ഇറാന്റെ ഉന്നത നേതൃത്വമെല്ലാം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇറാൻ നേതൃത്വം ഒന്നിച്ച് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരേയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേയും കൊലവിളിയുമുയരുന്നുണ്ട്. ഇരവുരേയും കൊലപ്പെടുത്തണമെന്നാഹ്വാനവുമായി പ്ലക്കാർഡുകളും മുദ്രാവാക്യവുമുയരുന്നുണ്ട്.

ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിലെ ദുഃഖാചരണം പ്രതികാരത്തിനാഹ്വാനമുയരുന്ന വേദി കൂടിയായി മാറുകയാണ്. ലക്ഷക്കണക്കിനാളുകൾ രാത്രി മുഴുവൻ പള്ളിയിൽ തന്നെ തങ്ങിയിരുന്നു. രാത്രി എട്ട് മണിക്കാരംഭിക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാൻ അർദ്ധരാത്രിയിലും ആളുകൾ എത്തിക്കൊണ്ടിരുന്നു. ഇറാന്റെ പതാകയും പ്രതികാരത്തിന്റെ അടയാളമായ ചുവന്ന പതാകകളും കൈയിലേന്തിയിട്ടുണ്ട്. അമേരിക്കയുടേയും ഇസ്രായേലിന്റെയും അന്ത്യം എന്ന മുദ്രാവാക്യവുമുയർത്തുന്നുണ്ട്. ട്രംപിനേയും നെതന്യാഹുവിനേയും കൊലപ്പെടുത്തൂ എന്ന പോസ്റ്ററുകളും ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചത്തിനരികിലായി പതിപ്പിച്ചിട്ടുണ്ട്.

‘ഇനിമുതൽ ഈ കഫൻ പുടവ ഞങ്ങളുടെ മേലങ്കിയാണ്, നിങ്ങളുടെ രക്തം കൊണ്ട് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ട്രംപിന്റെ കൊലപാതകം ഞങ്ങളുടെ ഉത്തരവാദിത്തമാണ്’- പ്രാർത്ഥനകൾക്ക് മുമ്പ് പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന കവി മുഹമ്മദ് റൂസി ഉച്ചഭാഷിണിയിൽ കൂടി ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു.

ലോകത്തിലെ ഏറ്റവും നീചനായ മനുഷ്യൻ എന്തുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു? ട്രംപ് അധികകാലം ലോകത്തുണ്ടാവില്ല. നമ്മുടെ ഇമാമിനെ കൊന്നയാളെ നമ്മൾ എന്തിന് കൊല്ലാതിരിക്കണം? അങ്ങനെ ചെയ്തില്ല എങ്കിൽ അത് അനാദരവായി മാറും – ജനക്കൂട്ടത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹത്തിനൊപ്പം തന്നെ നാല് കുടുംബാംഗങ്ങളുടേയും മൃതദേഹം പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. സ്ത്രീകളടക്കം വൻ ജനപ്രവാഹമാണ് ടെഹ്റാനിലെ വലിയപള്ളിയുടെ വിശാലമായ വളപ്പിൽ എത്തിച്ചേരുന്നത്. ഈ പള്ളിമുറ്റത്തുവെച്ചാണ് ഖമനേയി മുഹറം പ്രഭാഷണം നടത്തിയിരുന്നത്.

അതേസമയം ഇറാൻ പരമോന്നത നേതാവും ആയത്തുള്ള അലി ഖമനേയിയുടെ മകനുമായ മുജ്തബ ഖമനേയി സുരക്ഷാ കാരണങ്ങളാൽ ചടങ്ങിൽ നിന്ന് വിട്ടുനിൽകുന്നതായാണ് വിവരം. ഇസ്രായേൽ ഭീഷണിയുള്ളതിനാൽ മുജ്തബ ചടങ്ങിൽ പങ്കെടുത്തേക്കില്ല എന്നുള്ള വാർത്തകളും ഉണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്.

ഫെബ്രുവരി 28നായിരുന്നു യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ ഖമനേയി കൊല്ലപ്പെടുന്നത്. 14 മാസം മാത്രം പ്രായമുള്ള പേരമകൾ സഹ്റ അടക്കം നാല് കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ടിരുന്നു. യുദ്ധകാലത്തെ സുരക്ഷാ പ്രശ്നം കാരണമാണ് സംസ്കാരചടങ്ങുകൾ നീണ്ടതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!