കാനഡയിലേക്ക് മനുഷ്യക്കടത്ത്: കൊല്ലത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ കൂടി പിടിയില്‍

കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സ്വദേശികളായ 11 പേര്‍ കൊല്ലത്ത് പിടിയിലായിരുന്നു. ഇവര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇന്ന് കൂടുതല്‍ പേര്‍ പിടിയിലായത്.
കൊല്ലത്ത് നിന്ന് കാനഡയിലേക്ക് അനധികൃതമായി ബോട്ടില്‍ കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം, ഇതോടെ 22 ആയി. മനുഷ്യക്കടത്ത് സംഘത്തിന്റെ സൂത്രധാരന്‍ കൊളംബോ സ്വദേശിയായ ലക്ഷ്മണന്‍ ആണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേര്‍ ലക്ഷ്മണന്റെ സഹായികള്‍ ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
‘ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായ സംഭവത്തിന് പിന്നില്‍ മനുഷ്യക്കടത്ത്’; പൊലീസ് കേസെടുത്തു
കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് കഴിഞ്ഞ ദിവസം 11 പേരെ പിടികൂടിയത്. ഓഗസ്റ്റ് 19-ന് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ രണ്ടു പേരെ പിന്നീട് കാണാതായിരുന്നു. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും നടത്തിയ അന്വേഷണമാണ് സംഘത്തെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ക്യൂബ്രാഞ്ച് ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ വിവിധ ലോഡ്‍ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ രണ്ടു പേര്‍ ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയിലെ ലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്ബിലും മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്ബിലും കഴിയുന്നവരാണ്.

