KSDLIVENEWS

Real news for everyone

രണ്ടാംചുവടിൽ ഒന്നാമനായി സുഹൈൽ ;
ഐ.ഐ.ടി., എൻ.ഐ.ടി. പ്രവേശന അഡ്വാൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ച കാസർഗോഡ് തെക്കിൽ ബെണ്ടിച്ചാൽ മൗവ്വൽ കോമ്പൗണ്ടിൽ ഇബ്രാഹിം സുഹൈൽ നാടിന് അഭിമാനമായി.

SHARE THIS ON

പൊയിനാച്ചി: ഒന്നാമനാകുമെന്നൊന്നും കരുതിയിരുന്നില്ല; പക്ഷേ, നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഐ.ഐ.ടി., എൻ.ഐ.ടി. പ്രവേശനത്തിന് പരിഗണിക്കുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ച തെക്കിൽ ബെണ്ടിച്ചാൽ മൗവ്വൽ കോമ്പൗണ്ടിൽ ഇബ്രാഹിം സുഹൈൽ സ്വന്തം കാഴ്ചപ്പാടിലൂടെ അവസരം കണ്ടെത്തിയ വിദ്യാർഥിയാണ്. മറ്റുള്ളവരോട് കാര്യങ്ങൾ ചോദിച്ചറിയുമായിരുന്നു. സാധ്യതകൾ പരമാവധി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ലക്ഷ്യമായി. ഇനിയത് പൂർത്തിയാക്കണം -സുഹൈൽ ഒന്നും മറച്ചുവെക്കുന്നില്ല. കോളിയടുക്കം അപ്‌സര പബ്ലിക് സ്കൂളിൽനിന്ന് പത്താംതരം പൂർത്തിയാക്കിയപ്പോൾ ഇബ്രാഹിം സുഹൈലിന് ഐ.ഐ.ടി. മോഹം മനസ്സിലുദിച്ചിരുന്നു. ഇത് ലക്ഷ്യംവെച്ച് കോട്ടയം ആനക്കൽ സെയ്‌ന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ ചേർന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ കഴിഞ്ഞവർഷം ഇതേ പരീക്ഷയെഴുതിയപ്പോൾ ദേശീയാടിസ്ഥാനത്തിൽ 6168-ാം റാങ്കായിരുന്നു. കേരളത്തിൽ ആദ്യത്തെ 200-ൽ ഒരാളും. ‘ഒരു ട്രയൽറൺ മാത്രമായിരുന്നു അത്. ലക്ഷ്യത്തിലേക്ക് പാഠമായി’ -സുഹൈൽ വ്യക്തമാക്കുന്നു. ഇപ്രാവശ്യം എൻട്രൻസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പരീക്ഷയെഴുതിയതാണ് മികച്ച വിജയത്തിലേക്ക് നയിച്ചത്. 396-ൽ 261 മാർക്ക് വാങ്ങി സംസ്ഥാനത്ത് ഒന്നാമനായപ്പോൾ ദേശീയാടിസ്ഥാനത്തിൽ 210-ാം റാങ്ക് നേടാനായി. ഐ.ഐ.ടി. ചെന്നൈ സോണിലാണ് പരീക്ഷയെഴുതിയത്. നേരത്തേ ഫലം വന്ന ജെ.ഇ.ഇ. മെയിനിൽ ഇബ്രാഹിം സുഹൈലിന് 960-ാം റാങ്കായിരുന്നു. മെയിൻ പരീക്ഷയിൽ ആദ്യത്തെ 2,50,000 സ്ഥാനത്ത് എത്തിയവർക്കായിരുന്നു അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ അവസരം. യോഗ്യത നേടിയ വിദ്യാർഥികൾ സാങ്കേതിക സ്ഥാപനങ്ങളിലെ പ്രവേശനത്തിനായുള്ള ജോയിൻറ്്‌ സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) കൗൺസലിങ്ങിന് ബന്ധപ്പെടുന്നതാണ് അടുത്ത ഘട്ടം. മുംബൈയിലെയോ ചെന്നൈയിലെയോ ഐ.ഐ.ടി.യിൽ കംപ്യൂട്ടർ സയൻസിന് ചേർന്ന് പഠിക്കാനാണ് സുഹൈലിന് താത്പര്യം.കീമിൽ സംസ്ഥാനത്ത് ആറാം റാങ്കുകാരനും കാസർകോട് ജില്ലയിൽ ഒന്നാം റാങ്കുകാരനുമായിരുന്നു. ‘പരീക്ഷയുടെ പിരിമുറുക്കം കഴിഞ്ഞപ്പോൾ ചിത്രരചനയിൽ മുഴുകിയാണ് അവൻ ആശ്വാസം കണ്ടത്’ – സുഹൈലിന്റെ രീതികളെപ്പറ്റി കാസർകോട് ജൂവലറി ബിസിനസ് നടത്തുന്ന പിതാവ് എം.എ. ഹാരിസ് പറഞ്ഞു. ഉമ്മ ഷെമീറ ഹാരിസിനും മകന്റെ വിജയത്തിളക്കം വലിയ പ്രതീക്ഷകളാണ് സമ്മാനിച്ചിരിക്കുന്നത്. മധുരം നൽകിയാണ് അവർ അതിഥികളെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!