KSDLIVENEWS

Real news for everyone

ഇതുവരെ 600 മിസൈലുകള്‍ പ്രയോഗിച്ചു; യുദ്ധ ശക്തിയുടെ 95% റഷ്യ യുക്രൈനില്‍ പുറത്തെടുക്കുന്നു

SHARE THIS ON

വാഷിങ്ടണ്‍: അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ ഇതുവരെ യുക്രൈനില്‍ 600 ഓളം മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങള്‍. യുക്രൈനില്‍ റഷ്യ യുദ്ധ ശക്തിയുടെ 95 ശതമാനം പുറത്തെടുക്കുന്നുണ്ടെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖേര്‍സണിലും മൈകൊലീവിലും ഞായറാഴ്ച നടന്ന പോരാട്ടം യുഎസ് നിരീക്ഷിച്ചു. കീവ്, ഹര്‍കീവ്, ചെര്‍ണീവ്, മരിയുപോള്‍ എന്നിവിടങ്ങള്‍ വളയാനുള്ള ശ്രമങ്ങളാണ് റഷ്യന്‍ സേന ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ റഷ്യന്‍ മുന്നേറ്റങ്ങളെ യുക്രൈന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പലഭാഗത്തും റഷ്യന്‍ ആക്രമണം ഇതോടെ മന്ദഗതിയിലാണെന്നും യുഎസ് അധികൃതര്‍ പറയുന്നു.

അതേ സമയം കീവിനെ ലക്ഷ്യമാക്കി വടക്കന്‍ മേഖലയിലൂടെ നീങ്ങിയിരുന്ന 64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റഷ്യന്‍ സൈനികവ്യൂഹം നിലവില്‍ സ്തംഭിച്ചുകിടക്കുകയാണെന്ന് വിവരം. കീവില്‍ നിന്ന് എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് ഈ വാഹനവ്യൂഹം എന്നത് സംബന്ധിച്ച് പുതിയ വിവരങ്ങളില്ല. കഴിഞ്ഞ ആഴ്ച അവസാനത്തോടെ കീവ് നഗരത്തിന്റെ മധ്യത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയായിരുന്നു ഈ വ്യൂഹം.

കീവിന് സമീപത്ത് യുക്രൈനും റഷ്യയും കനത്ത വ്യോമപോരാട്ടങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം കീവിലെ പ്രതിഷേധക്കാര്‍ക്ക് നേരെ റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തതിനോ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ റഷ്യ ലംഘനം നടത്തിയതിനോ യുഎസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!