കള്ളാടി ദുരന്തം: അടിയന്തര ഇടപെടൽ വേണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. ദുരന്തത്തിന്റെ ആഘാതം കൃത്യമായി അറിഞ്ഞു വരുന്നതേ ഉള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. മണ്ണിനടിയിൽ ജീവനുകൾ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതുൾപ്പെടെ അടിയന്തര പ്രാധാന്യം നൽകി പരിശോധിക്കേണ്ടതുണ്ട്. പരിക്കേറ്റവർക്ക് അതിവേഗം മികച്ച ചികിത്സയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ദുരന്തമറിഞ്ഞതുമുതൽ പ്രദേശത്തെ ജനപ്രതിനിധികളുമായും സന്നദ്ധ പ്രവർത്തകരുമായും ആശയവിനിമയം നടത്തുകയും സ്ഥിതിഗതികൾ അന്വേഷിക്കുകയും ചെയ്തിരുന്നു. കേരള മുസ്‌ലിം ജമാഅത്ത്, സുന്നി യുവജന സംഘം ജില്ലാ നേതാക്കളും പ്രദേശത്തെ സാന്ത്വനം പ്രവർത്തകരും സ്ഥലത്തെത്തുകയും സർക്കാർ സംവിധാനങ്ങൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ വിവാദങ്ങളിൽ മുഴുകാതെ എല്ലാവരും ഒന്നിച്ചു നിന്ന് ഈ പ്രതിസന്ധി അതിജീവിക്കേണ്ടതുണ്ട്.
ദുരന്തത്തിൽ അനുശോചനം അറിയിക്കുകയും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു. സംസ്ഥാനത്തുടനീളം മഴ കനത്തുപെയ്യുന്ന ഈ ദിവസങ്ങൾ അധികൃതരുടെ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുകയും സൂക്ഷ്‌മത പുലർത്തുകയും വേണം. അല്ലാഹു അപകടങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും നമ്മെ ഏവരെയും കാത്തുരക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

