KSDLIVENEWS

Real news for everyone

എൻ്റെ കൊച്ചിൻ്റെ പപ്പായെ കൊണ്ടുവരാന്‍ പറ: റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കടലില്‍ കാണാതായ ഷിജിൻ്റെ കുടുംബം 

SHARE THIS ON

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കേന ഭവനില്‍ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധത്തില്‍. അഞ്ചുതെങ്ങില്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍ കൈക്കുഞ്ഞുങ്ങളുമായി കുത്തിയിരുന്ന് കുടുംബം പ്രതിഷേധിക്കുകയാണ്. കടലില്‍ കാണാതായി എട്ട് ദിവസമായിട്ടും ഷിജിനെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു.

എട്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് മത്സ്യബന്ധനത്തിനായി ഷിജിന്‍ കടലില്‍ പോയത്. അതിനുശേഷം മടങ്ങി എത്തിയില്ല. കൂടെ ഉണ്ടായിരുന്ന മറ്റൊരാളെയും കാണാതായിരുന്നു. മൃതദേഹം ഇതിനോടകം തന്നെ കണ്ടെത്തി. പക്ഷേ ഷിജിനെ കണ്ടെത്താന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

മഴയായാലും വെയിലായാലും ഇവിടെ ഇരുന്ന് പ്രതിഷേധിക്കുമെന്ന് ഷിജിന്റെ ഭാര്യ കണ്ണീരോടെ പറഞ്ഞു. എന്റെ കൊച്ചിന്റെ അപ്പനെ കൊണ്ടുവരാന്‍ പറ, എങ്കില്‍ ഞാന്‍ ഇവിടെനിന്ന് മാറാം. എന്റെ ഭര്‍ത്താവ് എവിടെ? അന്വേഷിക്കും എന്ന് പറഞ്ഞിട്ടാണ് എന്നെ വീട്ടില്‍ പറഞ്ഞുവിട്ടത്. എട്ടു ദിവസമായി. ഇവര്‍ എന്താണ് എന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ചെയ്യുന്നത് -ഷിജിന്റെ ഭാര്യ ചോദിച്ചു. കൊച്ചുകുഞ്ഞുങ്ങളും വയോധികരും ഉള്‍പ്പെടുന്ന ബന്ധുക്കള്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്.

ഷിജിനെ കണ്ടെത്താന്‍ ബുധനാഴ്ച മുങ്ങല്‍വിദഗ്ധര്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും അടിത്തട്ട് കാണാനാകുന്നില്ല എന്ന് പറഞ്ഞ് അവര്‍ പിന്മാറിയിരുന്നു. അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാല്‍ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളില്‍ വ്യോമ-ജല മാര്‍ഗങ്ങളിലൂടെ പരിശോധനകള്‍ നടത്തിയിരുന്നു. ബന്ധുക്കള്‍ സ്വന്തം നിലയില്‍ സ്‌കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചില്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ വിവിധ പേപ്പറുകളില്‍ ഒപ്പിട്ടുനല്‍കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതിയും ഉന്നയിച്ചു. തുടര്‍ന്നാണ് കോസ്റ്റല്‍ പൊലീസ് വിഴിഞ്ഞത്തുനിന്ന് മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് തിരച്ചില്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!