തകര്‍ന്നത് പുറംചട്ട മാത്രം; 24 മണിക്കൂറിനകം തകരാര്‍ പരിഹരിച്ച് വന്ദേഭാരത് വീണ്ടും ട്രാക്കില്‍

മുംബൈ: കന്നുകാലിക്കൂട്ടത്തെ ഇടിച്ച് തകര്‍ന്ന വന്ദേഭാരത് എക്സ്പ്രസ്സിന്റെ മുന്‍വശത്തെ തകരാര്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിച്ച് റെയില്‍വെ. കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് ഗാന്ധിനഗറിലേക്കു പോയ തീവണ്ടി അഹമ്മദാബാദ് സ്റ്റേഷനില്‍ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ മുന്‍വശത്തെ ഫൈബര്‍ കവചം തകര്‍ന്നിരുന്നു.
പുറംചട്ട തകര്‍ന്നെങ്കിലും യന്ത്രഭാഗങ്ങള്‍ക്ക് തകരാറൊന്നും പറ്റിയില്ലെന്ന് പശ്ചിമ റെയില്‍വെ ചീഫ് പിആര്‍ഒ സുമിത് താക്കൂര്‍ അറിയിച്ചു. അപകടമുണ്ടായാല്‍ യന്ത്രഭാഗങ്ങള്‍ക്ക് തകരാറു സംഭവിക്കാത്ത രീതിയിലാണ് പുറംചട്ട തയ്യാറാക്കിയിരിക്കുന്നതെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍വഴത്തെ ഫൈബര്‍ കവചം തകര്‍ന്നുവെങ്കിലും വന്ദേഭാരത് എക്‌സ്പ്രസ് പത്ത് മിനിട്ടിനകം യാത്ര തുടര്‍ന്നിരുന്നു. ഓട്ടംതുടങ്ങി ഒരാഴ്ചയാകുംമുമ്പേ ആയിരുന്നു അപകടം.
വണ്ടി 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. കൂട്ടിയിടിച്ചാല്‍ പുറംചട്ട പൊളിയുന്ന തരത്തിലാണ് വന്ദേഭാരതിന്റെ മുന്‍ഭാഗം ഫൈബര്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നതെന്ന് ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലെ വിദഗ്ധര്‍ വ്യക്തമാക്കി. പാളംതെറ്റാതിരിക്കാന്‍ ഇത് ഉപകരിക്കും. അതിവേഗവണ്ടികള്‍ പോകുന്ന പാളങ്ങളിലേക്ക് മൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വേലികെട്ടുന്ന ജോലികള്‍ നടക്കുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങളുള്ള വന്ദേഭാരത്-2 തീവണ്ടി സെപ്റ്റംബര്‍ 30-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്തത്. തീവണ്ടിയില്‍ അഹമ്മദാബാദ് വരെ യാത്രചെയ്ത അദ്ദേഹം ‘വിമാനത്തെക്കാള്‍ സുഖകരമായ യാത്ര’ എന്നും അഭിപ്രായപ്പെട്ടിരുന്നു.

