വേദന മറന്ന് ക്രീസിലെത്തിയ രോഹിതിനും രക്ഷിക്കാനായില്ല;ഇന്ത്യക്ക് വീണ്ടും തോല്‍വി,ബംഗ്ലാദേശിന് പരമ്പര

മിര്‍പുര്‍: പരിക്കേറ്റ വിരലിന്റെ വേദന മറന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒമ്പാതമനായി ക്രീസിലെത്തിയിട്ടും ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം വിജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. 28 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 51 റണ്‍സോടെ രോഹിത് കളം നിറഞ്ഞെങ്കിലും വിജയതീരത്തിന് പടിവാതില്ക്കല് ഇന്ത്യ വീണു. അഞ്ച് റണ്‍സിന്റെ വിജയം അക്കൗണ്ടിലെത്തിച്ച ബംഗ്ലാദേശ് ഏകദിന പരമ്പരയും സ്വന്തമാക്കി.
272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ രോഹിതിനൊപ്പം അക്കൗണ്ട് തുറക്കാതെ ഉമ്രാന് മാലിക്കായിരുന്നു ക്രീസില്‍. ശര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്തായതിന് പിന്നാലെയാണ് രോഹിത് ക്രീസിലെത്തിയത്. ആ സമയത്ത് ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക്ക് എന്നിവരെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. സിറാജുമായി ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 23 പന്തില്‍ 39 റണ്‍സ് കൂട്ടുകെട്ടും രോഹിതുണ്ടാക്കി.
നേരത്തെ ബംഗ്ലാദേശ് ബാറ്റിങ്ങിന് ഇടയിലാണ് രോഹിതിന് പരിക്കേറ്റത്. സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഫീല്‍ഡിങ്ങിനിടെ രോഹിതിന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഗ്രൗണ്ട് വിട്ട താരത്തിന് പകരം രജത് പറ്റിദാര്‍ ഫീല്‍ഡിങ്ങിന് ഇറങ്ങി.
നേരത്തെ അഞ്ചാം വിക്കറ്റില്‍ അക്സര്‍ പട്ടേല്‍-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ 107 റണ്‍സാണ് ഇന്ത്യയുടെ ഇന്നിങ്സിന്റെ നട്ടെല്ലായത്. 56 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം അക്സര്‍ പട്ടേല്‍ 56 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 102 പന്തില്‍ ആറു ഫോറും മൂന്ന് സിക്സും സഹിതം 82 റണ്‍സ് അടിച്ചെടുത്തു. മറ്റു ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല