KSDLIVENEWS

Real news for everyone

ന്യൂമോണിയ മാത്രമല്ല രക്തം കട്ടപിടിക്കുന്നതും കോവിഡ് കൂടുതല്‍ മാരകമാക്കുന്നതായി വിദഗ്ധര്‍

SHARE THIS ON

ന്യൂഡൽഹി: ശ്വാസകോശ പ്രവർത്തനങ്ങൾ ബാധിക്കപ്പെടുന്നത് മാത്രമല്ല വൈറസ് ബാധയോടനുബന്ധിച്ച് രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനിടയാകുന്നതും കോവിഡ് -19 രോഗിയുടെ നില ഗുരുതരമാക്കുകയും മരണം വരെ സംഭവിക്കാൻ ഇടയാക്കുകയും ചെയ്യുന്നതായി വിദഗ്ധർ. ആഗോളതലത്തിൽ കോവിഡ് രോഗികളിൽ 14-28 ശതമാനം പേരിൽ ഡീപ് വെയിൻ ത്രോംബോസിസ്(DVT) ഉം 2-5 ശതമാനം പേരിൽ ആർട്ടേറിയൽ ത്രോംബോസിസും കണ്ടുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ടൈപ്പ്-2 പ്രമേഹരോഗികളിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നതായി ഡൽഹിയിലെ പ്രമുഖ ആശുപത്രിയിലെ കാർഡിയോ-തൊറാസിക് വാസ്കുലർ കൺസൾട്ടന്റായ ഡോക്ടർ അമരീഷ് കുമാർ പറഞ്ഞു. ശരീരത്തിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന സിരകളിലുണ്ടാകുന്ന രക്തം കട്ടപിടക്കലാണ് ഡിവിടി. ഹൃദയത്തിൽ നിന്ന് വിവിധ ശരീരഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ആർട്ടേറിയൽ ത്രോംബോസിസ്.

കോവിഡ്-19 ഉം രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതായി കഴിഞ്ഞ കൊല്ലം നവംബറിൽ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ത്രോംബോ എംബോളിസം (TE)അഥവാ രക്തക്കട്ടകൾ രൂപംകൊള്ളുന്നതു മൂലം സിരകളിലും ധമനികളിലും രക്തചംക്രമണം തടസ്സപ്പെട്ട് രോഗികളുടെ ജീവന് ഭീഷണിയാകുന്നതായി ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.

ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രോം (ARDS)മൂലമാണ് കോവിഡ് രോഗികൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതെന്നായിരുന്നു ആദ്യനിഗമനങ്ങൾ. തുടർപഠനങ്ങളിലാണ് രോഗികളിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്. രക്തക്കുഴലുകൾ ശരീരത്തിലാകമാനമുള്ളതിനാൽ ഏതു ഭാഗത്ത് വേണമെങ്കിലും രക്തക്കട്ടകൾ രൂപീകൃതമാകാം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 20 മുതൽ 30 ശതമാനം വരെ രോഗികളിൽ ഈ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്.

അപൂർവമായി മാത്രം കണ്ടുവരുന്ന രക്തം കട്ടപിടിക്കലാണ് സെറിബ്രൽ വെനസ് ത്രോംബോസിസ്(CVT). മസ്തിഷ്കത്തിലെ രക്തക്കുഴലിൽ രക്തം കട്ടപിടിക്കുന്ന ഈ അവസ്ഥ കോവിഡ് രോഗികളിൽ കാണപ്പെടുന്നു. ഇത് കണ്ടുവരുന്ന മുപ്പത് ശതമാനത്തോളം കോവിഡ് രോഗികളും മുപ്പത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അഞ്ച് ലക്ഷം കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് ദശലക്ഷത്തിൽ 39 പേർക്ക് സിവിടി ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുള്ളത്.

രക്തം നേർപ്പിക്കാനുള്ള മരുന്ന് നൽകുന്നത് നില മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വാസ്കുലർ ആൻഡ് എൻഡോവാസ്കുലർ സർജനായ ഡോക്ടർ അംബരീഷ് സാത്വിക് പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥ എത്രയും പെട്ടെന്ന് തിരിച്ചറിയാനായാൽ ഗുരുതരാവസ്ഥയിലേക്ക് നീങ്ങാതെ രോഗിയെ രക്ഷിക്കാനാവും എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഹൃദയസംബന്ധിയായ പ്രശ്നങ്ങളുള്ള രോഗികളിൽ ഇത് കണ്ടെത്തുന്നത് പ്രയാസകരമാണെന്നും അതിനാലാണ് അത്തരം രോഗികളിൽ കോവിഡ് ഗുരുതരമാകുന്നതെന്നും ഡോക്ടർ അംബരീഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!