നട്ടാൽ പൊടിക്കാത്ത നുണകളെ കേരളം പുച്ഛിച്ചു തള്ളും; ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം വർധിച്ചുവെന്ന് CPM

വർധിച്ചുവെന്ന് CPM
08 June 2022, 05:45 PM IST
നട്ടാൽ പൊടിക്കാത്ത നുണകളെ കേരളം പുച്ഛിച്ചു തള്ളുമെന്നും, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത് സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചു എന്നാണെന്നും സിപിഎം പ്രസ്താവനയിൽ വ്യകത്മാക്കി
X
പ്രതീകാത്മക ചിത്രം, സ്വപ്ന സുരേഷ് | Photo: മാതൃഭൂമി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ നട്ടാൽ പൊടിക്കാത്ത നുണകളാണെന്നും കേരളീയ സമൂഹം ഇതിനെ പുച്ഛിച്ച് തള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
ഒരിക്കൽ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നാണ് ഇപ്പോൾ ചിലർ കരുതുന്നത്. ഇത്തരത്തിൽ നട്ടാൽ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളർത്തുവാനുള്ള ശ്രമങ്ങൾ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും. രാഷ്ട്രീയ താൽപര്യത്തോടെ കേന്ദ്ര ഏജൻസികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകൾ തന്നെയാണ് രഹസ്യമൊഴി എന്ന പേരിൽ വീണ്ടും പ്രചരിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ സിപിഎം വ്യക്തമാക്കി.
സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് ശരിയായ രീതിയിൽ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളിൽ ചുമതലപ്പെട്ട ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. സ്വർണ്ണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേർന്നു എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്തുത. അത്തരം അന്വേഷണം ചില ബി.ജെ.പി നേതാക്കളിലേക്ക് എത്തിച്ചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകൾ രൂപപ്പെടുത്തി മാധ്യമങ്ങളിൽ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഒപ്പം അന്വേഷണ ഏജൻസികളെ ആ വഴിക്ക് കൊണ്ടുപോകാനുള്ള സമ്മർദ്ദം ഉണ്ടാവുകയും ചെയ്തു. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പുതിയവരെ നിയമിക്കുന്ന സ്ഥിതിയും ഈ ഘട്ടത്തിലുണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു.

