ഷിന്ദേയോട് രാജി ആവശ്യപ്പെട്ടു; മഹാരാഷ്ട്രയില്‍ വമ്പന്‍ മാറ്റങ്ങളെന്ന പ്രവചനവുമായി ആദിത്യ താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസഭാ പുന:സംഘടന ചർച്ച ചൂടുപിടിക്കുന്നതിനിടെ സർക്കാരിൽ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് പ്രവചനവുമായി ശിവസേന (യു.ബി.ടി.) നേതാവ് ആദിത്യ താക്കറെ. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയോട് രാജിവെക്കാൻ ആവശ്യപ്പെട്ടെന്നാണ് താൻ അറിഞ്ഞതെന്ന് ആദിത്യ മാധ്യമങ്ങളോടു പ്രതികരിച്ചു. സർക്കാരിൽ ചില മാറ്റങ്ങളുണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി. പിളർത്തി അജിത് പവാറും എട്ട് എം.എൽ.എമാരും സർക്കാരിന്റെ ഭാഗമായതോടെ ഷിന്ദേയെയും അദ്ദേഹത്തിനൊപ്പമെത്തിയ എം.എൽ.എമാരെയും ബി.ജെ.പി. ഒതുക്കാൻ ശ്രമിക്കുന്നെന്ന് വാർത്തകൾ പുറത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദിത്യയുടെ വാക്കുകൾ എന്നത് ശ്രദ്ധേയമാണ്. ശിവസേന പിളർത്തി ബി.ജെ.പിയ്ക്കൊപ്പം ചേർന്നാണ് ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രിയായത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസാണ് ഉപമുഖ്യമന്ത്രി. അജിത് പവാറും എം.എൽ.എമാരും സർക്കാരിന്റെ ഭാഗമായതിന് പിന്നാലെ ഷിന്ദേ ഗ്രൂപ്പിൽനിന്നുള്ള 17-18 എം.എൽ.എമാർ തങ്ങളുമായി ആശയവിനിമയം നടത്തിയെന്ന് ശിവസേന (യു.ബി.ടി.) വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. അതേസമയം രാജിവെക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഷിന്ദേ വ്യക്തമാക്കിയിട്ടുണ്ട്. അജിത് പവാറിന്റെയും സംഘത്തിന്റെയും വരവിനെ ചൊല്ലി പാർട്ടിയിൽ കലാപമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതേസമയം, അയോഗ്യതാവിഷയത്തിൽ മറുപടി ആവശ്യപ്പെട്ട് ശിവസേന ഷിന്ദേ വിഭാഗത്തിലെ 40 എം.എൽ.എമാർക്കും ഉദ്ധവ് താക്കറെയുടെ ഒപ്പമുള്ള 14 എം.എൽ.എമാർക്കും മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർ നോട്ടീസ് നൽകിയിട്ടുണ്ട്. രാഷ്ട്രീയസാഹചര്യം ആകെ മാറിയ പശ്ചാത്തലത്തിൽ ഷിന്ദേയ്ക്കൊപ്പമുള്ള എം.എൽ.എമാർ എന്ത് നിലപാട് കൈക്കൊള്ളുമെന്നതാണ് ശ്രദ്ധേയം. മന്ത്രിസ്ഥാനം മോഹിച്ചെത്തിയ ഷിന്ദേ പക്ഷത്തെ എംഎൽഎമാർക്ക് പലർക്കും ആ സാധ്യത അടഞ്ഞ സാഹചര്യത്തിൽ എടുക്കുന്ന നിലപാട് നിർണായകമാണ്.

