KSDLIVENEWS

Real news for everyone

92ലും തളരില്ല, തനിക്ക് ഇതൊന്നും പുത്തനല്ല, NCP-യെ പുനരുജ്ജീവിപ്പിക്കും; മറുപടിയുമായി ശരദ് പവാര്‍

SHARE THIS ON

മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി. പിളർപ്പിനിടെ പോര് മുറുക്കി ശരദ് പവാറും അനന്തരവൻ അജിത് പവാറും. 82കാരനായ ശരദ് പവാറിന് വിരമിക്കാൻ സമയമായെന്നും ഭരണം തനിക്ക് കൈമാറണമെന്നുമുള്ള അജിത് പവാറിന്റെ പരാമർശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ. ഞാൻ തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല എന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. എന്നോട് വിരമിക്കാനാവശ്യപ്പെടാൻ അവർ ആരാണ്. 82-ഓ 92-ഓ ആകട്ടെ, ആ പ്രായത്തിലും പഴയതുപോലെ പ്രവർത്തിക്കാൻ എനിക്കാകും. ഇനിയും ഞാൻ മുന്നോട്ടുപോവുക തന്നെ ചെയ്യും. എന്നെ പിന്തുണയ്ക്കുന്ന പ്രവർത്തകരുടെ അഭ്യർഥന പ്രകാരമാണത്. മൊറാർജി ദേശായി എത്രാമത്തെ വയസ്സിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്ന് ഓർമയുണ്ടോ. എനിക്ക് പ്രധാനമന്ത്രിയോ മന്ത്രിയോ ആകേണ്ട, ജനങ്ങളെ സേവിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ഞാൻ തളർന്നവനുമല്ല വിരമിച്ചവനുമല്ല- ശരദ് പവാർ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തനിക്ക് പുതിയതല്ലെന്ന് പറഞ്ഞ പവാർ വീണിടത്തുനിന്ന് തുടങ്ങേണ്ടതെങ്ങനെയെന്ന് തനിക്ക് അറിയാമെന്നും പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും വ്യക്തമാക്കി. ഭിന്നത രാഷ്ട്രീയത്തിൽ മാത്രമാണെന്നും കുടുംബത്തിൽ ഇല്ല എന്നാണ് തന്റെ വിശ്വാസമെന്നും പവാർ കൂട്ടിച്ചേർത്തു. പവാർ വിരമിക്കാനുള്ള സമയം അതിക്രമിച്ചുവെന്നും ഭരണം തനിക്കു കൈമാറണമെന്നുമായിരുന്നു അജിത് പവാറിന്റെ പരാമർശം. എന്നെ എല്ലാവർക്കും മുന്നിൽ ഒരു വില്ലനായാണ് ചിത്രീകരിച്ചത്. എങ്കിലും അദ്ദേഹത്തോട് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ. പക്ഷേ ഒരു കാര്യം ഓർമിപ്പിക്കാതെ വയ്യ, എന്തിനും പ്രായപരിധിയുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥർ 60-ാം വയസ്സിൽ വിരമിക്കും, ബി.ജെ.പി. നേതാക്കൾ 75-ലും. എൽ.കെ. അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും നോക്കൂ. എങ്കിൽ മാത്രമേ പുതിയ തലമുറയ്ക്ക് വളർച്ചയ്ക്കുള്ള അവസരം ലഭിക്കൂ. 83 വയസ്സായില്ലേ ഇത് നിർത്താൻ ഉദ്ദേശമില്ലേ. ഭരണം എനിക്ക് കൈമാറൂ. ഞങ്ങൾ താങ്കളുടെ ദീർഘായുസ്സിനായി പ്രാർഥിക്കാം.- അജിത് പവാർ പറഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തിൽ 29 എൻ.സി.പി. എം.എൽ.എമാർ വിമതനീക്കം നടത്തിയതോടെയാണ് എൻ.സി.പിയിൽ പ്രതിസന്ധി ഉടലെടുത്തത്. ബി.ജെ.പി. സർക്കാരിനൊപ്പം ചേർന്ന അജിത് പവാർ ഉപമുഖ്യമന്ത്രിയായും എട്ട് എംഎൽഎമാർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എൻസിപിയുടെ 53 എംഎൽഎമാരിൽ 43 എംഎൽഎമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!