പൂഴി കടത്താൻ ഇരുചക്ര വാഹനങ്ങൾ, ദിവസത്തിൽ രണ്ടായിരത്തിലേറെ രൂപ വരുമാനം; പിടിച്ചെടുത്ത വാഹനങ്ങൾ സർക്കാരിലേക്ക്

ചട്ടഞ്ചാൽ ∙ പൂഴി കടത്തുന്നതിനിടെ പിടികൂടിയ ഇരുചക്ര വാഹനങ്ങൾ സർക്കാരിലേക്കു കണ്ടുകെട്ടാൻ റിപ്പോർട്ട് നൽകി പൊലീസ്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കീഴൂർ, ചെമ്പരിക്ക, കളനാട്, ചെമ്മനാട്, തെക്കിൽ തുടങ്ങിയ ഭാഗങ്ങളിൽ നിന്നായി മണൽ കടത്തുന്നതിനിടെയാണു പൊലീസ് ഇരുചക്രവാഹനങ്ങൾ പിടികൂടിയത്. മണൽകടത്തിന് എതിരെയുള്ള പരിശോധന ഊർജിതമാക്കിയതോടെ പ്രധാന റോഡുകളിൽ നിന്നുമാറി ഊടുവഴികളിലൂടെ പോകാനാണ് കടത്തുകാർ ഇരുചക്രവാഹനം ഉപയോഗിക്കുന്നത്.
മൂന്നോ നാലോ പ്ലാസ്റ്റിക് ചാക്കുകളിൽ പൂഴി നിറച്ച് സ്കൂട്ടറിൽ കയറ്റിയാണു കടത്ത്. ഒരു ചാക്ക് പൂഴി ആവശ്യക്കാർക്കായി എത്തിച്ചാൽ 100 മുതൽ 200 വരെയാണു ലഭിക്കുന്നത്. ഒരു ദിവസത്തിൽ രണ്ടായിരത്തിലേറെ രൂപ വരുമാനം ഉണ്ടാക്കുന്നവർ വരെയുണ്ടെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൂഴി കടത്തു സംഘം പൊലീസിനെ കണ്ടാൽ ഇരുചക്ര വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നു.
ഇത്തരക്കാരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചാൽ അപകടമുണ്ടാകാൻ സാധ്യത ഉള്ളതിനാൽ പൊലീസിന്റെ പരിശോധനയും വളരെ ശ്രദ്ധയോടെ മാത്രമാണ്. മേൽപറമ്പ് പൊലീസും കീഴൂർ ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരും ചേർന്നു കഴിഞ്ഞ നാളുകളിലായി പിടികൂടിയ ഇരുചക്രവാഹനങ്ങളാണ് സർക്കാരിലേക്കു കണ്ടു കെട്ടാനായി റിപ്പോർട്ട് നൽകിയത്. ബേക്കൽ ,മേൽപറമ്പ്, ബേഡകം ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ മണൽ കടത്തിന് എതിരെയുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്.

