KSDLIVENEWS

Real news for everyone

പൊലീസിനെ നിരീക്ഷിക്കും, കുറുക്കു വഴിയിലൂടെ പായും; അനധികൃത മണൽ കടത്ത് ലോറികൾ പിടിച്ചെടുത്തു

SHARE THIS ON

തൃക്കരിപ്പൂർ ∙ പരിസ്ഥിതി ആഘാതമുണ്ടാക്കി അനധികൃത മണലെടുപ്പ് തുടരുന്നതിനെതിരെ ചന്തേര പൊലീസ് മണൽ വേട്ട ശക്തമാക്കി. കഴിഞ്ഞ ദിവസം വിവിധ ദിക്കുകളിൽ നിന്ന് മണൽ നിറച്ച വണ്ടികൾ പിടിച്ചെടുത്തു. പൊലീസിനെ കണ്ടതോടെ ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. ചന്തേര പൊലിസ് സ്റ്റേഷൻ പരിധിയിൽ തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് അനധികൃത മണലെടുപ്പ് വ്യാപകം. ആയിറ്റി, വെള്ളാപ്പ് പ്രദേശങ്ങളിൽ നിന്നായി ഇന്നലെ 3 ലോറികൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തു.

എസ്ഐ എം.വി.ശ്രീദാസ്, സിവിൽ പൊലിസ് ഓഫിസർമാരായ പി.ആർ.ഓമനക്കട്ടൻ , പി.വി.ഷൈജു, ഡ്രൈവർ ബാലകൃഷ്ണൻ നമ്പ്യാർ, വിനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മണൽ ലോറികൾ പിടിച്ചെടുത്തത്. തീരമേഖലയിലെ അനധികൃത മണലെടുപ്പ് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിയിട്ടുണ്ട്. മണലൂറ്റിയെടുത്ത് പാതാളക്കുഴി തോണ്ടുകയും കുഴികളിൽ ചരലും മറ്റും നിറയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ശുദ്ധജലത്തിന് കടുത്ത ക്ഷാമം നേരിടുന്ന പ്രദേശങ്ങളായി മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനകം പതിനൊന്നോളം മണൽ ലോറി പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസിനെ നിരീക്ഷിക്കും; കുറുക്കു വഴിയിലൂടെ പായും

രാത്രികാല പരിശോധനയ്ക്കിറങ്ങുന്ന പൊലീസ് സംഘത്തെ നിരീക്ഷിക്കാനും പിന്തുടരാനും കടത്തുകാർക്ക് ചാരന്മാരുണ്ട്. പൊലീസുകാരെ നിരീക്ഷിച്ച് മറ്റു വഴികളിലൂടെ മണൽ കടത്തുകയാണ് ചെയ്യുന്നത്. ബൈക്കിൽ പിന്തുടരുന്ന സംഘത്തിന്റെ നിർദേശത്തിനനുസരിച്ചാണ് മണൽ ലോറികൾ കുറുക്കു വഴികൾ സ്വീകരിക്കുന്നത്.

ഇത്തരത്തിൽ പൊലീസ് വാഹനത്തെ പിന്തുടർന്നെത്തിയ ഇരുപതോളം വാഹനങ്ങൾ അടുത്തിടെ പിടിച്ചെടുക്കുകയുണ്ടായി. കേസെടുക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണം നിലനിൽക്കെ അനാവശ്യമായി കറങ്ങി നടക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും കണ്ടു കെട്ടുകയും ചെയ്യുമെന്നും അനധികൃത മണലെടുക്കുന്നവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ചന്തേര പൊലിസ് ഇൻസ്പെക്ടർ പി.നാരായണൻ വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!