KSDLIVENEWS

Real news for everyone

ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ട് മാസം; കളംനിറഞ്ഞ് ബിജെപിയും ആംആദ്മിയും, ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്

SHARE THIS ON

ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുമാസം മാത്രം ബാക്കി. ഭരണകക്ഷിയായ ബിജെപിയും ആംആദ്മി പാര്‍ട്ടിയും ഭരണം പിടിക്കാന്‍ സര്‍വസന്നാഹങ്ങളുമായി പ്രചാരണം തുടങ്ങിയെങ്കിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഏറെ പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപിയുടെ പ്രധാന നേതാക്കളും എഎപിയുടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമ്ബോള്‍ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമാണ് കോണ്‍ഗ്രസിന്റെ പ്രധാന പരിഗണനാ വിഷയങ്ങള്‍.

തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് ഹൈക്കമാന്‍ഡിനും ദിശാബോധമില്ല. അവസാനമായി സെപ്റ്റംബര്‍ അഞ്ചിനാണ് രാഹുല്‍ ഗാന്ധി അഹമ്മദാബാദില്‍ റാലിയില്‍ സംസാരിച്ചത്. റാലിയില്‍ സൗജന്യ വൈദ്യുതി, കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പിന്നീട് പ്രധാന നേതാക്കളൊന്നും ഗുജറാത്തില്‍ എത്തിയിട്ടില്ല. ജോഡോ യാത്രയിലായതുകാരണം ഗുജറാത്തില്‍ രാഹുല്‍ എത്താന്‍ സാധ്യതയില്ല. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തില്‍ പങ്കെടുത്തിട്ടില്ല. സംസ്ഥാന നേതാക്കളെയാണ് പ്രചാരണത്തിനായി ഹൈക്കമാന്‍ഡ് നിയോഗിച്ചത്.

നവരാത്രി ആഘോഷ സമയത്ത് അഹമ്മദാബാദില്‍ പ്രിയങ്കാ ഗാന്ധി എത്തുമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍, പ്രിയങ്കാ ഗാന്ധി എത്തിയില്ല. പ്രിയങ്കാ ഗാന്ധി വന്നാല്‍ പ്രചാരണത്തില്‍ മറ്റുപാര്‍ട്ടികള്‍ക്കൊപ്പമെത്താനും പ്രവര്‍ത്തകരെ ആവേശത്തിലാക്കാനും സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ നിരീക്ഷകനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍, അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്രതീക്ഷിത രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കാരണം ഗെലോട്ട് രാജസ്ഥാനില്‍ തന്നെയാണ് തുടരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാന്‍ അദ്ദേഹം ഗുജറാത്തില്‍ എത്തിയിട്ടില്ല. രാജസ്ഥാനിലെ പ്രശ്നങ്ങള്‍ക്ക് മുമ്ബ് ഗെലോട്ട് ഗുജറാത്തിലെത്തിയിരുന്നു. \

ബിജെപിയെയും എഎപിയെയും അപേക്ഷിച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിന് ഹൈക്കമാന്‍ഡ് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് ഗുജറാത്തിലെ പല കോണ്‍ഗ്രസ് അഭിപ്രായമുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാര്‍ച്ച്‌ മുതല്‍ മോദി 12 തവണ സംസ്ഥാനം സന്ദര്‍ശിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെ നിരവധി വന്‍ പദ്ധതികളും മോദി പ്രഖ്യാപിച്ചു. കെജ്‌രിവാള്‍ നിരവധി തവണ സംസ്ഥാനത്ത് എത്തി. മോദിയും കെജ്രിവാളും ആഴ്ചയിലൊരിക്കല്‍ എന്ന രീതിയില്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റവും പാര്‍ട്ടിയെ വലയ്ക്കുന്നു.

ഈയടുത്താണ് മുതിര്‍ന്ന നിയമസഭാംഗമായ ഹര്‍ഷാദ് റിബാദിയ ബിജെപിയില്‍ ചേര്‍ന്നത്. ജൂലൈയില്‍, ഒരു പ്രമുഖ ആദിവാസി നേതാവും മൂന്ന് തവണ നിയമസഭാംഗവുമായ അശ്വിന്‍ കോട്വാള്‍ രാജിവച്ച്‌ ഭരണകക്ഷിയില്‍ ചേര്‍ന്നിരുന്നു. നേരത്തെ പ്രധാന നേതാവും പട്ടേല്‍ വിഭാഗത്തിലെ പ്രമുഖനുമായ ഹാര്‍ദിക് പട്ടേലും ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. മുന്‍ രാജ്യസഭാംഗം രാജു പര്‍മറും മുന്‍ പ്രതിപക്ഷ നേതാവ് നരേഷ് റാവലും ബിജെപിയില്‍ ചേര്‍ന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടിയ കോണ്‍ഗ്രസിന് നിലവില്‍ 61 പേരുടെ അംഗബലമേ സഭയില്‍ ഉള്ളൂ. 17 എംഎല്‍എമാരാണ് മറ്റുപാര്‍ട്ടികളിലേക്ക് ചേക്കേറിയത്. അടുത്ത ദിവസങ്ങളില്‍ അഞ്ചോ ആറോ നിയമസഭാംഗങ്ങള്‍ കൂടി ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹമുയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!