ഗസയിലെ സ്ഥിതി ഹൃദയഭേദകം; ഗസയിലേത് മാനുഷിക പ്രശ്‌നമെന്ന് എം കെ സ്റ്റാലിന്‍

ചെന്നൈ: ഗസയിലേത് മാനുഷിക പ്രശ്‌നമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ഗസയിലെ അക്രമങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഗസയിലെ ഇസ്രായേല്‍ ആക്രമണം മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്നതാണെന്ന രീതിയില്‍ അല്ല തങ്ങള്‍ കാണുന്നതെന്നും വ്യക്തമാക്കി. ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സിപിഎം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രതികരണം.
കഫിയ ധരിച്ചാണ് സ്റ്റാലിന്‍ പരിപാടിയില്‍ പങ്കെടുത്തത്. ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം എടുത്തുപറഞ്ഞ സ്റ്റാലിന്‍ ഗസയിലെ സ്ഥിതി ഹൃദയഭേദകമാണെന്നും ഗസയിലെ പ്രശ്നം ലോകമെമ്ബാടും ആശങ്കയുണ്ടാക്കിയെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം 11000 സ്ത്രീകളും 17000 കുട്ടികളും 125 മാധ്യമപ്രവര്‍ത്തകരും 120 ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥരും മരിച്ചു. 27000 കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഗസഭൂമിയുടെ പകുതിയും നശിച്ചു.ഗസയില്‍ മനുഷ്യര്‍ ഇപ്പോഴും പോരാട്ടത്തിലാണെന്നും ഭക്ഷണം തേടിയെത്തുന്നവരെയാണ് ഇസ്രായേല്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

