19,650 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച നവി മുംബൈ ഇന്റര്‍ നാഷണല്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മുംബൈ: മഹാ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി നവി മുംബൈയിൽ ഉദ്ഘാടനം ചെയ്യും. സർവീസുകൾ ഡിസംബർ പകുതിയോടെയാണ് ആരംഭിക്കുക. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുന്നത്.
2866 ഏക്കർ
ഉൾവെ–പൻവേൽ മേഖലയിൽ 2866 ഏക്കറിലുള്ള വിമാനത്താവളം കർഷക, തൊഴിലാളി നേതാവ് ഡി.ബി. പാട്ടീലിന്റെ പേരിലാണ് അറിയപ്പെടുക. 19,647 കോടി രൂപയാണ് ഒന്നാംഘട്ടത്തിന്റെ ചെലവ്.
4 ടെർമിനലുകൾ
സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണുള്ളത്. ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണു തുടക്കത്തിൽ തുറക്കുന്നത്. ടെർമിനൽ ഒന്നിൽ പ്രതിവർഷം 2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. 2035ൽ നാലു ടെർമിനലുകളും തുറക്കുന്നതോടെ വർഷം 9 കോടി യാത്രക്കാർക്ക് പ്രയോജനപ്പെടും.
കോഡ് NMI
NMI എന്നാണ് പുതിയ വിമാനത്താവളത്തിന്റെ കോഡ്. മുംബൈ വിമാനത്താവളത്തിലേക്ക് 45 കിലോമീറ്റർ ദൂരമുണ്ട്. ഇരു വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് മെട്രോ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ജലപാത എന്നിവയ്ക്കു പദ്ധതിയുണ്ട്. നാലു ടെർമിനലുകളും പൂർത്തിയാകുമ്പോൾ റോഡ്, ലോക്കൽ ട്രെയിൻ, മെട്രോ, ജലപാത എന്നീ സൗകര്യങ്ങളുള്ള രാജ്യത്തെ ഏക വിമാനത്താവളമാകും.
എങ്ങനെ എത്താം
ഛത്രപതി ശിവജി ടെർമിനസ് സ്ഥിതി ചെയ്യുന്ന ദക്ഷിണ മുംബൈയിൽ നിന്ന് ഫ്രീ വേയിലൂടെ അടൽ സേതു കടൽപാലം വഴി 45 മിനിറ്റിൽ എത്താം. മുംബൈയിലെ മറ്റു മേഖലകളിൽ നിന്നുള്ളവർ ഇൗസ്റ്റേൺ എക്സ്പ്രസ് വേ വഴി വാശി പാലത്തിലൂടെ ബേലാപുർ, ഉൾവെ വഴി എത്തണം.
രൂപകൽപന
താമരയുടെ മാതൃകയിലാണ് നിർമാണം. സോളർ വൈദ്യുതി ഉൾപ്പെടെ പരിസ്ഥിതി സൗഹൃദം. ലണ്ടൻ ആസ്ഥാനമായ സാഹ ഹദീദ് ആർക്കിടെക്റ്റ്സ് ആണ് രൂപകൽപന ചെയ്തത്. ഡിജിറ്റൽ ചെക്ക് ഇൻ, അതിവേഗ ബാഗേജ് നീക്കം തുടങ്ങി ആധുനിക സൗകര്യങ്ങളുണ്ട്.
അദാനി ടച്ച്
അദാനി ഗ്രൂപ്പിന് 74 ശതമാനവും സർക്കാർ ഏജൻസിയായ സിഡ്കോയ്ക്ക് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. അദാനി ഗ്രൂപ്പിനു തന്നെയാണു നടത്തിപ്പു ചുമതല.

