ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല; കശ്മീരിനെതിരെ ഗൂഢാലോചന’: കോൺഗ്രസ് സംവരണത്തിന് എതിരെന്ന് പ്രധാനമന്ത്രി
മുംബൈ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്ക്കറുടെ ഭരണഘടനയാണ് കശ്മീരിൽ നടപ്പിലാക്കുക. പാക് അജൻഡ നടപ്പിലാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ല. കശ്മീരിനെതിരെ ഗൂഢാലോചന നടത്തുകയാണ് കോൺഗ്രസും ഇന്ത്യാ സഖ്യവുമെന്നും മോദി ആരോപിച്ചു.
‘‘നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവർ സംവരണ വിരുദ്ധ നയങ്ങൾ നടപ്പിലാക്കിയവരാണ്. പ്രത്യേകിച്ച് ഒബിസി, ഗോത്രവർഗ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ നയങ്ങൾ. പട്ടികജാതി, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങൾ കൈവരിച്ച പുരോഗതി കോൺഗ്രസിന് സഹിക്കാനാവില്ല. ജാതികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സംഘർഷം ആളിക്കത്തിക്കാനും സമുദായങ്ങളുടെ വികസനം തകർക്കാനുമുള്ള കോൺഗ്രസിന്റെ തന്ത്രത്തിന്റെ ഭാഗമാണിത്. ഈ വിഭജന തന്ത്രത്തിനെതിരെ ജാഗ്രത പാലിക്കാൻ രാജ്യത്തോട് അഭ്യർഥിക്കുകയാണ്’’ – മോദി പറഞ്ഞു.
‘‘ഞാൻ മഹാരാഷ്ട്രയിൽ നിന്ന് പിന്തുണ അഭ്യർഥിച്ചപ്പോഴെല്ലാം ജനങ്ങൾ ഉദാരമായി അനുഗ്രഹിച്ചിട്ടുണ്ട്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ധൂലെയിൽ വന്ന് ബിജെപിയുടെ വിജയത്തിനായി അഭ്യർഥിച്ചു. നിങ്ങൾ എല്ലാവരും ബിജെപിയുടെ വിജയം ഉറപ്പാക്കിക്കൊണ്ടാണ് അത് സാധ്യമാക്കിയത്. മഹാരാഷ്ട്രയുടെ യശസ് പുനഃസ്ഥാപിച്ചതിന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഞാൻ അഭിനന്ദിക്കുന്നു. മഹായുതി സഖ്യത്തിലൂടെ മഹാരാഷ്ട്രയുടെ വികസനത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തി. സംസ്ഥാനത്തിന്റെ പുരോഗതി അതിവേഗം മുന്നേറുകയാണ്’’ – പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീ ശാക്തീകരണം രാജ്യത്തിന്റെ പുരോഗതിയുടെ താക്കോലാണ്. കഴിഞ്ഞ 10 വർഷമായി എന്റെ സർക്കാർ അതിന്റെ നയങ്ങളുടെ കാതലായി സ്ത്രീകളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികൾക്ക് തുടക്കമിട്ടതിനു കോൺഗ്രസ് ആദ്യം പരിഹസിച്ചു. ഇപ്പോൾ സമാനമായ നടപടികളാണ് പിന്തുടരുന്നത്. മഹാ അഘാഡിയുടെ വാഹനത്തിൽ ചക്രങ്ങളോ ബ്രേക്കുകളോ ഇല്ല. ഡ്രൈവറുടെ സീറ്റിൽ ആരൊക്കെ ഇരിക്കും എന്നതിനെ ചൊല്ലി തർക്കമുണ്ട്. അതിനിടയിൽ, എല്ലാ ദിശകളിൽ നിന്നും വ്യത്യസ്ത ഹോണുകൾ കേൾക്കാം. സ്ത്രീ സുരക്ഷ വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി മഹായുതി സർക്കാർ 25,000 സ്ത്രീകളെ പൊലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.