റീല്‍സെടുക്കാൻ ഥാര്‍ ഓടിച്ചുകയറ്റിയത് റെയില്‍വെ ട്രാക്കില്‍; ട്രെയിൻ വരുന്നത് കണ്ടിട്ടും വണ്ടി മാറ്റാൻ കഴിഞ്ഞില്ല

ജയ്പൂർ: റീല്‍സ് ചിത്രീകരിക്കാനായി യുവാവ് കാർ റെയില്‍വെ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി. എന്നാല്‍ അകലെ നിന്ന് ട്രെയിൻ വരുന്നത് കണ്ടിട്ടും വാഹനം ട്രാക്കില്‍ നിന്ന് തിരികെ ഇറക്കാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു.
ഒടുവില്‍ നാട്ടുകാരും പൊലീസുകാരുമെല്ലാം സ്ഥലത്ത് തടിച്ചുകൂടി. അവസാനം വാഹനം തിരിച്ച് റോഡിലിറക്കാൻ സാധിച്ചപ്പോള്‍ എല്ലാവരുടെയും പിടിവെട്ടിച്ച് രക്ഷപ്പെടാനും ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു.
രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. ട്രാക്കില്‍ കുടുങ്ങിയ കാറിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവ് മദ്യലഹരിയിലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ആളുകളും പൊലീസുകാരുമെല്ലാം റെയില്‍വെ ട്രാക്കില്‍ കിടക്കുന്ന മഹീന്ദ്ര ഥാർ കാറിന് സമീപം നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. കാർ ട്രാക്കില്‍ നിന്ന് പുറത്തിറക്കാൻ ഇയാള്‍ ശ്രമിക്കുന്നുമുണ്ട്.
ഥാർ റെയില്‍വെ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ വരുന്നത് കണ്ടാണ് വാഹനം മാറ്റാൻ ശ്രമിച്ചത്. എന്നാല്‍ അത് സാധിക്കാതെ വന്നു. എന്നാല്‍ ലോക്കോ പൈലറ്റിന് കാര്യം മനസിലായി അദ്ദേഹം ട്രെയിൻ നിർത്തി. അതുകൊണ്ടു തന്നെ ആർക്കും പരിക്കേല്‍ക്കുകയും വാഹനത്തിന് കേടുപാട് വരികയോ ചെയ്തില്ല.
ഒടുവില്‍ ആളു കൂടിയപ്പോള്‍ ഇയാള്‍ ട്രാക്കില്‍ നിന്ന് വളരെ വേഗം കാർ പിന്നിലേക്ക് എടുത്ത് ഏതാണ്ട് 30 മീറ്ററോളം അകലെയുള്ള റോഡിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചു. അവിടെ ഏതാനും നിമിഷം നിർത്തിയ ശേഷം കാർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മൂന്ന് പേർക്ക് വാഹനം ഇടിച്ച് പരിക്കേറ്റു. കാറിനെ പിന്തുടർന്ന പൊലീസ്, അധികം വൈകാതെ തടഞ്ഞുനിർത്തി ഇയാളെ പിടികൂടി. വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

